കൊയിലാണ്ടിയില് പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഭവം; കസ്റ്റംസ് സംഘം മൊഴിയെടുത്തു, കൂടുതൽപേർ ഉടൻ അറസ്റ്റിലാകും
കൊയിലാണ്ടി: കൊയിലാണ്ടിയില് പ്രവാസിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി
തട്ടിക്കൊണ്ടുപോയി വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുന്നതായി സൂചന. ഇന്നലെ അറസ്റ്റിലായ കൊടുവള്ളി സ്വദേശികളായ നൗഷാദ് (31), മുഹമ്മദ് സ്വാലിഹ് (38), സൈഫുദ്ദീൻ (35) എന്നിവരെ ഇന്ന് വൈകീട്ടോടെ റിമാൻഡ് ചെയ്യും. ഇവർ തട്ടി കൊണ്ടുപോകലിന് സഹായം ചെയ്തവരാണ്. ഇവരിൽ നിന്നും പ്രതികളെക്കുറിച്ചുള്ള സൂചനകൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാവുമെന്നാണ് പോലീസ് പറയുന്നത്.
ഗുണ്ടാ സംഘത്തിൽ നിന്ന് ക്രൂര മർദ്ദനത്തിനിരയായ അഷ്റഫ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിലെത്തി ഇന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടു പിന്നിൽ കൊടുവള്ളിയിലെ സ്വർണക്കടത്തു സംഘവും കണ്ണൂരിലെ പൊട്ടിക്കൽ സംഘവും തമ്മിലുള്ള കുടിപ്പകയെന്നു പൊലീസ് സംശയിക്കുന്നു. അരിക്കുളം സ്വദേശി അഷ്റഫിനെയാണ് ചൊവ്വാഴ്ച രാവിലെ ഒരു സംഘം തട്ടിക്കൊണ്ടു പോയി അർധരാത്രി വഴിയിൽ ഇറക്കിവിട്ടത്. അഷ്റഫ് സ്വർണക്കടത്തിലെ കാരിയറാണെന്നു പൊലീസ് അറിയിച്ചു.
കൊടുവള്ളിയിലെ ഒരു സംഘത്തിനു വേണ്ടി രണ്ടു മാസം മുൻപ് അഷ്റഫ് കൊണ്ടുവന്ന സ്വർണം കണ്ണൂർ സംഘം കൊണ്ടുപോയി. പകരം 10 ലക്ഷം രൂപ അഷ്റഫിനു നൽകി. സ്വർണം തിരിച്ചു നൽകണമെന്നാവശ്യപ്പെട്ടു കൊടുവള്ളി സംഘമാണ് അഷ്റഫിനെ തട്ടിക്കൊണ്ടുപോയത്. ടിപി വധക്കേസ് പ്രതി കൊടി സുനിയുടേതെന്ന് കരുതുന്ന ശബ്ദസന്ദേശം അഷ്റഫിന്റെ ഫോണിൽ നിന്നു പൊലീസ് കണ്ടെടുത്തു. സ്വർണം കണ്ണൂർ സംഘം ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് ആണെന്ന അഷ്റഫിന്റെ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അഷ്റഫ് കണ്ണൂർ സംഘവുമായി ചേർന്ന് ഒത്തുകളിച്ചതാണെന്നു പൊലീസ് സംശയിക്കുന്നു.
അഷ്റഫ് പൊലീസിനു നൽകിയ മൊഴിയനുസരിച്ച് സംഭവിച്ചത് ഇങ്ങനെ: മേയ് 26നാണു ദുബായിൽ നിന്ന് 2 കിലോഗ്രാം സ്വർണവുമായി കരിപ്പൂരിൽ വിമാനമിറങ്ങിയത്. കൊടുവള്ളിയിലെ ഒരു സംഘത്തിന്റേതായിരുന്നു സ്വർണം. സ്വർണം കൈമാറേണ്ട വ്യക്തിക്ക് അഷ്റഫിന്റെ ഫോട്ടോ അയച്ചുനൽകിയിട്ടുണ്ടെന്നും അവർ സമീപിക്കുമെന്നുമായിരുന്നു ഏജന്റ് പറഞ്ഞത്. 50,000 രൂപയും വിമാന ടിക്കറ്റുമായിരുന്നു പ്രതിഫലം. വിമാനത്താവളത്തിനു പുറത്തെത്തിയ ഉടൻ ഒരു സംഘം സമീപിച്ചു. അവരുടെ കൂടെ വാഹനത്തിൽ കയറി. വാഹനം കൊടുവള്ളിക്കു പോകുന്നതിനു പകരം നാദാപുരം ഭാഗത്തേക്കു പോയപ്പോഴാണു ചതി മനസ്സിലായത്.
സ്വർണം തരില്ലെന്നു പറഞ്ഞപ്പോൾ മർദിച്ചു. നാദാപുരത്തെ ഒരു വീട്ടിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി. കൊടുവള്ളി സംഘം നൽകുന്ന 50,000 രൂപയ്ക്കു പകരം 15 ലക്ഷം രൂപ നൽകാമെന്ന് അറിയിച്ചു. ഇതു സമ്മതിച്ചതോടെ വിട്ടയച്ചു. സ്വർണം വിറ്റതിനു ശേഷം 10 ലക്ഷം എത്തിച്ചു തന്നു. ഇതിനിടെ കൊടുവള്ളിയിൽ നിന്നു സ്വർണത്തിന്റെ ഉടമകൾ ഫോണിൽ വിളിച്ചു ഭീഷണി ആരംഭിച്ചു. സ്വർണം അല്ലെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. ഇതു കണ്ണൂർ സംഘത്തെ അറിയിച്ചപ്പോഴാണ് ഭീഷണിപ്പെടുത്തുന്നവർക്ക് അയച്ചു നൽകാൻ കൊടി സുനിയുടേത് എന്നു പറഞ്ഞ് ശബ്ദസന്ദേശം അയച്ചു നൽകിയത്.
സ്വർണം തട്ടിയത് തന്റെ ആളുകളാണെന്നും പ്രശ്നത്തിൽ നിന്നു പിൻമാറണമെന്നും ആവശ്യപ്പെടുന്നതായിരുന്നു ആ ശബ്ദസന്ദേശം. അത് കൊടുവള്ളി സംഘത്തിന് അയച്ചു നൽകിയെങ്കിലും ഭീഷണി തുടർന്നു. സ്വർണത്തിന്റെ മുഴുവൻ വില നൽകണമെന്നായിരുന്നു ആവശ്യം. ഇതു നൽകാതിരുന്നതോടെയാണ് കഴിഞ്ഞ ദിവസം തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയത്. കുന്നമംഗലത്തെ ഒരു വീട്ടിലെത്തിച്ച് മർദിക്കുകയും ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു. രാത്രി ചാത്തമംഗലത്തെ ഒരു മരമില്ലിൽ ഇറക്കിവിട്ടു. നിലവിൽ അഷ്റഫിനെ തട്ടിക്കൊണ്ടുപോയ കേസാണ് പൊലീസ് അന്വേഷിക്കുന്നത്. സ്വർണക്കടത്തിന്റെയും പൊട്ടിക്കലിന്റെയും വിശദാംശങ്ങൾ പൊലീസ് കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിലെ ഉദ്യോഗസ്ഥർ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തി വിവരം ശേഖരിച്ചു.