‘കൊയിലാണ്ടിയില്‍ നടന്നത് ആര്‍ക്കും പരിക്കോ മുറിവോ ഇല്ലാത്ത നിസ്സാരമായ സംഭവം, വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും’; വാഹനാപകടവുമായി ബന്ധപ്പെട്ട പരാതിയില്‍ പ്രതികരണവുമായി വി.ടി. ബല്‍റാം
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ വെച്ച് തന്റെ വാഹനത്തിന്റെ സൈഡ് വ്യൂ മിറര്‍ ഒരു യുവതിയുടെ കയ്യില്‍ തട്ടുകയാണുണ്ടായതെന്നും ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിരോധം വെച്ച് തനിക്കെതിരെ വ്യാജവാര്‍ത്തകള്‍ പടച്ചുവിടുകയാണെന്നുമുള്ള ആരോപണവുമായി തൃത്താല മുന്‍ എം.എല്‍.എയും കെ.പി.സി.സി വൈസ് പ്രസിഡന്റുമായ വി.ടി ബല്‍റാം. ഫേസ്ബുക്കിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.
യാതൊരുവിധ പരിക്കോ മുറിവോ ആര്‍ക്കുമില്ലാത്ത തീര്‍ത്തും നിസ്സാരമായ സംഭവമായിരുന്നു അത്. വാര്‍ത്തകളില്‍ കാണുംപോലെ ഇടിക്കുകയോ ഇടിച്ച് തെറിപ്പിക്കുകയോ ഇടിച്ച് വീഴ്ത്തുകയോ ചോരയൊലിപ്പിച്ച് കിടക്കുകയോ ഒന്നും അവിടെയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.
വാഹനം നിര്‍ത്താതെ പോയിയെന്ന് യുവതി പൊലീസില്‍ പരാതി നല്‍കിയതെന്നത് നുണപ്രചരണമാണെന്നും ബല്‍റാം ആരോപിക്കുന്നു. വണ്ടിയിടിച്ച ഉടന്‍ തന്നെ വാഹനം സൈഡിലേക്ക് ഒതുക്കി നിര്‍ത്തുകയും ഡ്രൈവറും കൂടെ ഉണ്ടായിരുന്ന സുഹൃത്തും ഇറങ്ങിച്ചെന്ന് യുവതിയോട് കാര്യങ്ങള്‍ തിരക്കുകയും ചെയ്തതാണ്. എവിടെയെങ്കിലും വേദനയുണ്ടോ എന്നന്വേഷിക്കുകയും ആവശ്യമാണെങ്കില്‍ ഇതേ വണ്ടിയില്‍ത്തന്നെ ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും അവരോട് പറഞ്ഞപ്പോള്‍ വേണ്ടെന്ന് പറഞ്ഞത് അവര്‍ തന്നെയാണ്. അവര്‍ ഇരുവരും സ്ഥലത്തുനിന്ന് പിരിഞ്ഞുപോയതിന് ശേഷമാണ് തങ്ങള്‍ വണ്ടിയെടുത്ത് തൊട്ടടുത്തുള്ള പരിപാടി സ്ഥലത്തേക്ക് പോയതെന്നും അദ്ദേഹം പറയുന്നു.
വാഹനാപകടം എന്ന നിലയില്‍ ആശുപത്രിയില്‍ നിന്നാണ് പൊലീസിനെ വിവരമറിയിച്ചതെന്നും തനിക്ക് ഇക്കാര്യത്തില്‍ പരാതിയില്ലയെന്ന് യുവതി പൊലീസിന് രേഖാമൂലം മൊഴി നല്‍കിയിട്ടുണ്ടെന്നും ബല്‍റാം അവകാശപ്പെടുന്നു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഡിസംബര്‍ പതിനൊന്നിനാണ് ബല്‍റാം സഞ്ചരിച്ച വാഹനം യുവതിയെ ഇടിച്ചത്. കെ.എല്‍ 52 എഫ്. 100 എന്ന നമ്പറിലുള്ള കാര്‍ ഇടിച്ച് നിര്‍ത്താതെ പോയി എന്നാണ് യുവതി നല്കിയ പരാതിയില്‍ പറയുന്നതെന്നാണ് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ഈ പരാതി പിന്വലിച്ചിട്ടില്ലയെന്നാണ് കൊയിലാണ്ടി പൊലീസ് കഴിഞ്ഞദിവസം അറിയിച്ചത്. അതേസമയം, പരാതി നല്‍കിയെങ്കിലും കേസ് വേണ്ട എന്ന് അപകടത്തില്‍പ്പെട്ട യുവതി പറഞ്ഞിട്ടുണ്ടെന്നും വി.ടി ബല്‍റാം പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമായ കാര്യങ്ങള്‍ ചെയ്യാനായി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
വി.ടി. ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
പ്രസ്തുത ദിവസം കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് അഞ്ച് പാര്‍ട്ടി പരിപാടികളാണ് എനിക്കുണ്ടായിരുന്നത്. കോഴിക്കോട് നഗരത്തില്‍ ഹയര്‍ സെക്കണ്ടറി അധ്യാപക സംഘടനയുടെ ജില്ലാ സമ്മേളനം, കുറ്റ്യാടിയിലെ പുറമേരി, കൊയിലാണ്ടി, ചേളന്നൂര്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട ക്യാമ്പുകള്‍, താമരശ്ശേരിയില്‍ എം.കെ രാഘവന് എംപിയുടെ നേതൃത്വത്തിലെ പദയാത്രയുടെ സമാപന സമ്മേളനം എന്നിങ്ങനെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായിരുന്നു പരിപാടികള്‍. ഇതില്‍ കൊയിലാണ്ടിയിലെ പരിപാടിക്കായി ഉച്ചയ്ക്ക് 3.30ഓടു കൂടി പട്ടണത്തിലെത്തിയപ്പോഴാണ് സീബ്രാ ലൈന്‍ ഇല്ലാത്ത ഒരിടത്ത് വച്ച് പെട്ടെന്ന് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച ഒരു വനിതയുടെ കയ്യില്‍ എന്റെ വാഹനത്തിന്റെ സൈഡ് വ്യൂ മിറര്‍ തട്ടിയത്. യാതൊരുവിധ പരുക്കോ മുറിവോ ആര്‍ക്കുമില്ലാത്ത തീര്‍ത്തും നിസ്സാരമായ ഒരു സംഭവമായിരുന്നു അത്. വ്യാജ വാര്‍ത്തകളില്‍ കാണുന്ന പോലെ ഇടിക്കുകയോ ഇടിച്ച് തെറിപ്പിക്കുകയോ ഇടിച്ച് വീഴ്ത്തുകയോ ചോരയൊലിപ്പിച്ച് കിടക്കുകയോ ഒന്നും അവിടെ ഉണ്ടായിട്ടില്ല.