കൊയിലാണ്ടിയിലെ മരുതൂര്‍ വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണാക്കി, മേഖലയില്‍ അതീവ ജാഗ്രതാനിര്‍ദേശം


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് മരുതൂര്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കളക്ടറുടേതാണ് ഉത്തരവ്. വാർഡിൽ 30 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പതിനഞ്ച് ദിവസം മുന്‍പ് ഒരു മരണവീട്ടിലെ ചടങ്ങില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. തുടര്‍ന്നാണ് വ്യാപനം ഉണ്ടായത്.

തെരഞ്ഞെടുപ്പ് പ്രചാരണവും കൊവിഡ് വ്യാപനത്തിന് കാരണമായി. വിവാഹ ചടങ്ങില്‍ പങ്കെടുത്ത എട്ട് പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. ഇന്നലെ വാർഡിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 98 പേരെ പരിശോധിച്ചതിൽ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വാർഡിൽ ജാഗ്രത കര്‍ശനമാക്കിയതായി കൗൺസിലർ എം.പ്രമോദ് പറഞ്ഞു. ആശാ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകളില്‍ കയറി മരുന്ന് നല്‍കുകയും ബോധവത്കരണം നല്‍കുകയും ചെയ്യുന്നുണ്ട്. മരുതൂരില്‍ വലിയമുറ്റത്തും ചിറ്റാരിഭാഗത്തുമാണ് കൂടുതല്‍ കൊവിഡ് കേസുകള്‍. കൂടുതല്‍ പേരെ പരിശോധിക്കാന്‍ തീരുമാനമായി.