കൊയിലാണ്ടിയിലെ അപകടത്തിൽ മരിച്ചത് പന്തലായനി മീത്തൽ വീട്ടിൽ ഷീബ; അപകടത്തെ കുറിച്ച് ദൃക്സാക്ഷികൾ പറയുന്നത് ഇങ്ങനെ



കൊയിലാണ്ടി: ദേശീയപാതയില്‍ ലോറിക്കടിയില്‍പ്പെട്ട് മരിച്ചത് പന്തലായനി മീത്തല്‍ വീട്ടില്‍ ഹരിദാസിന്റെ ഭാര്യ ഷീബ. അമ്പത് വയസ്സായിരുന്നു. മകളുടെ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കൊയിലാണ്ടി ടൗണിലെ നന്തിലത്ത് ജിമാര്‍ട്ടിന് മുന്നില്‍ വെച്ചായിരുന്നു അപകടം. ഷീബ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന മരുമകന്‍ അഖിലിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന സ്‌കൂട്ടര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ചരക്കുമായി പോകുന്ന അശോക് ലൈലാന്റ് ലോറിയില്‍ കുരുങ്ങുകയായിരുന്നു. സ്‌കൂട്ടറിന് പിന്നിലിരുന്ന സ്ത്രീ ലോറിക്കടിയിലേക്ക് വീഴുകയും ലോറി ഷീബയ്ക്ക് മുകളിലൂടെ കയറി ഇറങ്ങുകയുമായിരുന്നെന്ന് ദൃക്ഷ്‌സാക്ഷികള്‍ പറയുന്നു.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് കൊയിലാണ്ടി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

പരേതനായ കുഞ്ഞിരാമന്‍ നായരുടെയും ഓമന അമ്മയുടെയും മകളാണ്. മക്കൾ:ആതിര, അക്ഷയ്. സഹോദരങ്ങൾ: ശശി (ഗൾഫ്), സരോജിനി (കോട്ടൂർ).


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.