കൊയിലാണ്ടിക്കാരേ, നിങ്ങൾ ഈ മനോഹരമായ ഐരാണിത്തുരുത്തും ജലാശയവും കണ്ടിട്ടുണ്ടോ?
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ എളാട്ടേരി, ചേലിയ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഐരാണിത്തുരുത്തും ചുറ്റമുളള ജലാശയങ്ങളും കേന്ദ്രീകരിച്ച് ടൂറിസം സാധ്യതകള്‍ ഏറെ. ഏകദേശം 120 ഏക്രയോളം വ്യാപിച്ചു കിടക്കുന്ന ജലാശയം അതി മനോഹരമാണ്. അടിസ്ഥാന സൗകര്യങ്ങളൊന്നും ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കൂടി ഒഴിവു വേളകള്‍ ആസ്വദിക്കുവാന്‍ ധാരാളം പേരാണ് ഇവിടെയെത്താറുള്ളത്.
ഐരാണിത്തുരുത്തിന് ചുറ്റുമുളള ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ പഞ്ചായത്ത് നടപടികളെടുത്തിരുന്നു. എന്നാല്‍ പദ്ധതികളൊന്നും ഫലപ്രാപിതിയില് എത്തുകയോ സര്‍ക്കാറിന്റെ ശ്രദ്ധ തിരിയുകയോ ഉണ്ടായിട്ടില്ല. ഏളാട്ടേരി ചേലിയ പ്രദേശങ്ങളുടെ കിഴക്കെ അതിര് ഒളളൂര് പുഴയാണ്. ഒളളൂര് പുഴയും ഐരാണിത്തുരുത്തിനും ചുറ്റുമുളള ജലാശയങ്ങളും ചേര്‍ന്നാണ് കിടപ്പ്. ഇവിടെ പുഴയെ വേര്‍തിരിക്കുന്നത് ആളുകള്‍ നടന്നു പോകാന്‍ ഉപയോഗിക്കുന്ന ചെറും ബണ്ടാണ്.
പുഴയില്‍ നിന്ന് ഉപ്പുവെളളം കയറാതിരിക്കാന്‍ നാല് ചെറു ചീര്പ്പുകളുണ്ടായിരുന്നെങ്കിലും അതിപ്പോള്‍ തകര്‍ച്ചയിലാണ്. ഈ ബണ്ടില്‍ നിന്ന് നോക്കിയാല്‍ ഐരാണിത്തുരുത്തിന്റെ മനോഹാരിതയും, പിന്നെ തൊട്ടടുത്തായി ഐതിഹ്യങ്ങള്‍ കേട്ടുമയങ്ങുന്ന പൂതപ്പാറയും കാണാം. എളാട്ടേരി തെക്കയില്‍ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് പൂതപ്പാറ. ക്ഷേത്രോല്‍സവത്തിന് പൂതപ്പാറയില്‍ പ്രത്യേക ചടങ്ങുകള്‍ നടക്കും. പൊതുജനങ്ങള്‍ക്ക് ഇവിടുത്തേക്ക് പ്രവേശനമില്ല.
ഐരാണിത്തുരുത്തില് പതിനാറ് കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അവിടുത്തേക്ക് പോകാന്‍ ടാര്‍ ചെയ്ത റോഡ് നിര്‍മ്മിച്ചിട്ടുണ്ട്. ഈ റോഡ് ചേലിയ ഒരുവക്കുന്നു ഭാഗത്തേക്ക് കൂടി നീട്ടിയാല്‍ ഈ ജലാശയത്തിന്റെ ദൃശ്യഭംഗി ആസ്വദിച്ച് സഞ്ചരിക്കുവാന്‍ കഴിയും. പുഴയോര സംരക്ഷണത്തിന്റെ കൂടി ഭാഗമായി ഇവിടെ നാല് മീറ്റര്‍ വീതിയില്‍ നടപ്പാത നിര്‍മ്മിക്കാന്‍ ആദ്യഘട്ടത്തില്‍ പത്ത് ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.
വിസ്തൃതമായ ജലാശയത്തിന്റെ ഓരങ്ങളെല്ലാം വിവിധ തരം കണ്ടല്‍ച്ചെടികളുടെ പെരുങ്കാടാണ്. ചിറകടിച്ചെത്തുന്ന വിവിധയിനം പക്ഷികള്‍ ഇവിടെ താവളമാക്കാറുണ്ട്. പക്ഷി നിരീക്ഷണത്തിന് ധാരാളം പേര് ഇവിടെയെത്താറുണ്ട്. സീസണില്‍ ധാരാളം ദേശാടനക്കിളികള്‍ ഇവിടെയെത്തും. വിസ്തൃതമായ ജലാശയം മീന്‍പിടുത്തക്കാരുടെ ജീവനോപാധിയാണ്. കരിമീനും, ചെമ്പെല്ലിയും, കൊഞ്ചനും, വരാലും പിടിച്ചു ജീവിക്കുന്ന മല്‍സ്യതൊഴിലാളികള്‍ക്ക് ഭീഷണിയായി നീര്നായക്കളുമുണ്ട്. കുഞ്ഞുങ്ങളെയും കൊണ്ട് കര വരെയെത്തുന്ന നീര്‍നായക്കൂട്ടങ്ങള്‍ ഇവിടെ പതിവ് കാഴ്ചകളാണെന്ന് സമീപവാസികള്‍ പറയുന്നു.
നൂറ് ഏക്രയോളം പരന്നു കിടക്കുന്ന ഈ ജലാശയം കേന്ദ്രീകരിച്ച് ഉല്ലാസബോട്ടിംങ്ങ് ആരംഭിച്ചാല്‍ സഞ്ചാരികള്‍ ഏറെയെത്തും. ഇതിനനുസരിച്ചുളള ഭാവനാപൂര്‍ണ്ണമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ജീല്ലാ ടൂറിസം പ്രോമോഷന് കൗണ്‍സിലിനോട് ഏറെകാലമായി ആവശ്യപ്പെടുന്നത്.
വിവിധയിനം കണ്ടല്‍ക്കാടുകളെ കുറിച്ച് പഠിക്കാനുളള നല്ലൊരു ഇടമാണിത്.
ആഴം കുറഞ്ഞ ഈ ജലാശയം സുരക്ഷിതമായ ജലവിനോദ കേന്ദ്രമായി മാറ്റാവുന്നതാണ്. അതേ പോലെ മീന്‍ പിടുത്തത്തിനും, വിപണനത്തിന് ഏറെ സാധ്യതയുളള സ്ഥലമാണിത്. നീര്‍നായ്ക്കളുടെ ശല്യം കൂടി വരുന്നത് മീന്‍പിടുത്തക്കാര്‍ക്ക് ഭീഷണിയാവുന്നുണ്ട്.
സമൃദ്ധമായി വളരുന്ന കണ്ടല്ക്കാടുംചുറ്റും വളര്‍ന്ന് നില്ക്കുന്ന തെങ്ങുകളും ദേശാടന പക്ഷികളുടെ ഇഷ്ടപ്പെട്ടയിടമാണ്. പക്ഷി നിരീക്ഷണത്തിന് ധാരാളം പേര് എത്താറുണ്ട്.