കൊയിലാണ്ടി സ്‌റ്റേഡിയത്തെ കറവപശുവാക്കുന്ന നയം സ്പോർട്സ് കൗൺസിൽ ഉപേക്ഷിക്കണം: യൂത്ത് കോൺഗ്രസ്സ്


കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തോട് ജില്ല സ്പോർട്സ് കൗൺസിൽ കാണിക്കുന്ന അനാസ്ഥക്കെതിരെ യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു. സ്റ്റേഡിയം കോംപ്ലക്സിലെ മുഴവൻ മുറികളും കച്ചവടക്കാർക്ക് വാടകക്ക് നൽകിയിരിക്കുകയാണ്. കായിക താരങ്ങളുടെ ആവശ്യങ്ങൾക്കായുള്ള മുറികൾ, ടോയ്ലറ്റ് സൗകര്യം, സ്റ്റോർ റൂം, എന്നിവയൊന്നും അവശേഷിപ്പിക്കാതെയാണ് സ്റ്റേഡിയം മുഴുവനായും കച്ചവടക്കാർക്ക് വിറ്റ് തുലക്കുന്നത്.

സ്റ്റേഡിയത്തിൽ കായിക താരങ്ങൾ ഉപകരണങ്ങൾ വെക്കാനും മറ്റും ഉപയോഗിച്ചു കൊണ്ടിരുന്ന മുറി കൂടി വാടകയ്ക്കു നൽകാൻ സ്പോർട്സ് കൗൺസിൽ തീരുമാനിച്ചിരുന്നു. ഇതോടെ സ്റ്റേഡിയത്തിൽ കായിക ആവശ്യത്തിനായി ഒരു മുറി പോലും അവശേഷിക്കുന്നില്ല. കൊയിലാണ്ടി സ്‌റ്റേഡിയത്തെ വ്യാപാരത്തിലൂടെ പണമുണ്ടാക്കാനുള്ള കറവപശുവായി കാണുന്നത് അവസാനിപ്പിക്കണമെന്നും, ഉടനടി സ്റ്റേഡിയത്തിൻ്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കണമെന്നും യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു.

പ്രതിഷേധ പരിപാടി ഡി.സി.സി ജന.സെക്രട്ടറി വി.പി.ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. അമൽ കൃഷ്ണദ്വാരക അധ്യക്ഷത വഹിച്ചു. സജിത്ത് കാവുംവട്ടം, ഷാനിഫ് കണയങ്കോട്, അഭിനന്ദ് പാവുവയൽ, നിതിൻ നടേരി, ഷാനിക, പ്രിയദർശിനി, നന്ദകുമാർ, മിഥുൻ പെരുവട്ടൂർ, ഹർഷി, ബിജേഷ്, ശരത്ത്, സിനീഷ് എന്നിവർ സംസാരിച്ചു.