കൊയിലാണ്ടി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ആല്‍മരം കടപുഴകി വീണു


കൊയിലാണ്ടി: സിവില്‍ സ്‌റ്റേഷന്‍ വളപ്പില്‍ കൂറ്റന്‍ ആല്‍മരം പൊട്ടിവീണ് പൊതുമരാമത്ത് വകുപ്പ് കെട്ടിടത്തിന് കേടുപാട്. ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് രാവിലെ എട്ടരയോടെയായിരുന്നു അപകടമെന്നതിനാല്‍ ആര്‍ക്കും പരിക്കില്ല.

സിവില്‍ സ്റ്റേഷന്‍ വളപ്പിലെ ടൂറിസ്റ്റ് ബംഗ്ലാവിന്റെ മുറ്റത്തുള്ള ആല്‍മരം ഭീകരമായ ശബ്ദത്തോടെ സാവധാനം കടപുഴകി വീഴുകയായിരുന്നു. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനിയറുടെ ഓഫീസിന്റെ കെട്ടിടത്തിലെ റിക്കാര്‍ഡ് റൂമിന്റെ മുകളിലാണ് ആല്‍മരം പതിച്ചത്.

സി.ഐ എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി പൊലീസ് സംഘം സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സും നാട്ടുകാരും റവന്യൂ ഉദ്യോഗസ്ഥരുമൊക്കെ ചേര്‍ന്ന് മരം മുറിച്ചുനീക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് സി.ഐ സുനില്‍ കുമാര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. വലിയ തോതില്‍ പടര്‍ന്നുപന്തലിച്ച ആല്‍മരത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ വീണിരിക്കുന്നത്. മറ്റുഭാഗങ്ങളും ഏതുസമയത്തും വീഴാമെന്ന നിലയിലായതിനാല്‍ പ്രദേശത്ത് അപകട ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.