കൊയിലാണ്ടി സി.ഐ അടക്കം പന്ത്രണ്ട് പൊലീസുകാര്‍ക്ക് കോവിഡ്; സ്‌റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം


കൊയിലാണ്ടി: കൊയിലാണ്ടി സി.ഐ സുനില്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച നടത്തിയ പരിശോധനയിലാണ് സി.ഐയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.

സ്‌റ്റേഷനിലെ പന്ത്രണ്ട് പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാം ഹോം ക്വാറന്റൈനില്‍ കഴിയുകയാണ്. ഈ സാഹചര്യത്തില്‍ സ്‌റ്റേഷനിലെത്തുന്ന പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രം സ്റ്റേഷനില്‍ എത്തിയാല്‍ മതിയെന്നാണ് നിര്‍ദേശം.

ഇന്‍സ്‌പെക്ടര്‍, മൂന്ന് എസ്.ഐമാര്‍, പന്ത്രണ്ട് ഗ്രേഡ് എസ്.ഐമാര്‍ എന്നിവരുള്‍പ്പെടെ അറുപതോളം പൊലീസുകാരാണ് സ്റ്റേഷനിലുള്ളത്. ഇതില്‍ പന്ത്രണ്ടോളം പേര്‍ നിലവില്‍ കോവിഡ് ബാധിച്ചിരിക്കുകയാണ്. ഇവരുമായി സ്‌റ്റേഷനിലെ പലരും സമ്പര്‍ക്കം പുലര്‍ത്തിയിരിക്കാമെന്നതിനാല്‍ കൂടുതല്‍ പൊലീസുകാര്‍ക്ക് വരുംദിവസങ്ങളില്‍ രോഗബാധയുണ്ടാവാനുള്ള സാധ്യതയുമുണ്ട്. ദേശീയപാത, ഫിഷിങ് ഹാര്‍ബര്‍, റെയില്‍വേ എന്നിവയുള്‍പ്പെട്ട വിശാലമായ പ്രദേശം കൊയിലാണ്ടി പൊലീസ് സ്റ്റേഷനു കീഴിലുണ്ടെന്നതിനാല്‍ ജീവനക്കാരുടെ അഭാവം സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങളെ വലിയ തോതില്‍ ബാധിക്കാനിടയുണ്ട്. കൂടാതെ കോവിഡ് വ്യാപന സാഹചര്യത്തില്‍ നിലവില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടുള്ളതിനാല്‍ ജനങ്ങള്‍ കോവിഡ് പ്രതിരോധ മുന്നൊരുക്കള്‍ നടത്തുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള ചുമതല കൂടി പൊലീസിനുണ്ട്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വലിയൊരു വിഭാഗം ജീവനക്കാര്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ജനറല്‍ ഒ.പി മാത്രമാക്കിയാണ് ആശുപത്രി ഇന്നലെ മുതല്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലീസിനുമെല്ലാം കോവിഡ് ബാധിക്കുന്നത് കൊയിലാണ്ടിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും ബാധിക്കാനിടയുണ്ട്.

കോവിഡ് അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപം കൊടുത്ത ക്ലസ്റ്റര്‍ മാനേജ്‌മെന്റ് പ്രകാരം പത്തിലധികം പേര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ആ പ്രദേശം ലാര്‍ജ് ക്ലസ്റ്ററായി കണക്കാക്കും. ഇത്തരം അഞ്ച് ക്ലസ്റ്ററുകളിലധികം ഉണ്ടെങ്കില്‍ മാത്രമേ പ്രാദേശിക ആരോഗ്യ അധികൃതരുടെ ഉപദേശത്തിന്റെ അടിസ്ഥആനത്തില്‍ സ്ഥാപനം അല്ലെങ്കില്‍ ഓഫീസ് അഞ്ച് ദിവസത്തേക്ക് അടച്ചിടേണ്ടതുള്ളൂ.

ക്ലസ്റ്ററുകള്‍ രൂപപ്പെട്ട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് എന്‍ 95 മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇവിടങ്ങളില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നില്ലെന്ന് ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.