കൊയിലാണ്ടി വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്! ജനുവരി ഒന്നുമുതല്‍ നഗരത്തിൽ പുതിയ ഗതാഗത പരിഷ്‌കാരങ്ങൾ; വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: നഗരത്തിലെ ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പുതിയ ട്രാഫിക് പരിഷ്‌കരണങ്ങള്‍ ജനുവരി ഒന്നുമുതല്‍ നടപ്പിലാക്കാന്‍ തീരുമാനം. നഗരസഭ ട്രാഫിക്ക് അഡൈ്വസറി കമ്മിറ്റി യോഗമാണ് പുതിയ പരിഷ്‌കാരങ്ങള്‍ തീരുമാനിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പിലാക്കിയശേഷം റിവ്യൂ ചെയ്ത് ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനമെന്ന് ട്രാഫിക് പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.

പുതിയ പരിഷ്‌കാരങ്ങള്‍:

1. ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലേക്കുള്ള റോഡ് വണ്‍വേ ആക്കി പുറത്തേക്കുള്ള വാഹനങ്ങള്‍ സ്റ്റേഡിയം വഴി ചുറ്റി ഹൈസ്‌കൂള്‍ റോഡുവഴി ഹൈവേയില്‍ പ്രവേശിക്കണം.

2. നാഷണല്‍ ഗ്ലാസ് മാര്‍ട്ടിനടുത്തുള്ള റോഡിലേക്ക് ഹൈവേയില്‍ നിന്നുള്ള വാഹനങ്ങള്‍ മാത്രം കടത്തിവിട്ട് വണ്‍വേ ആക്കി ഹൈവേയിലേക്കുള്ള വാഹനങ്ങള്‍ ട്രാഫിക്ക് യൂണിറ്റിന് അടുത്തുകൂടെ താലൂക്ക് ആശുപത്രിക്ക് സമീപത്തുകൂടെ ഹൈവേയില്‍ പ്രവേശിക്കണം.

3. മാര്‍ക്കറ്റിന് അകത്തേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ മാര്‍ക്കറ്റ് കവാടം വഴി കയറി ഇറങ്ങുന്ന വാഹനങ്ങള്‍ പഴയ ബാലുശ്ശേരി റോഡ് വഴി നാഷണല്‍ ഹൈവേയിലേക്കും മറ്റു റോഡുകളിലേക്കും പ്രവേശിക്കുക. മാര്‍ക്കറ്റ് കവാടം വഴി ഹൈവേയിലേക്ക് വലിയ ചരക്ക് വാഹനങ്ങള്‍ മാത്രമേ പ്രവേശിക്കാന്‍ പാടുള്ളൂ.

4. ടൗണ്‍ഹാള്‍ വഴിയുള്ള വാഹനങ്ങള്‍ വണ്‍വേ സിസ്റ്റം അനുസരിച്ച് റെയില്‍വേ സ്റ്റേഷന്‍ റോഡിലേക്ക് പ്രവേശിക്കണം.

5. ബസ് സ്റ്റാന്റിന് അരികിലൂടെ മാര്‍ക്കറ്റിലേക്കുള്ള വഴി വണ്‍വേ സിസ്റ്റം പ്രാവര്‍ത്തികമാക്കുകയും മാര്‍ക്കറ്റിലേക്കുള്ള ദിശയില്‍ ബസ് സ്റ്റാന്റ് ഭാഗത്തുനിന്നുള്ള പ്രവേശനം നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

6. ബസ് സ്റ്റാന്റിന് അടുത്തുനിന്നും മാര്‍ക്കറ്റിലേക്ക് പോകുന്ന റോഡില്‍ ഈസ്റ്റ് റോഡ് ജംങ്ഷനില്‍ ഓട്ടോറിക്ഷാ പാര്‍ക്കിങ് നിരോധിച്ചു.

7. ബസ് സ്റ്റാന്റില്‍ അന്യ വാഹനങ്ങള്‍ പ്രവേശിക്കുന്നതും പാര്‍ക്കിങ്ങും പൂര്‍ണമായും നിരോധിച്ചു. ഇരുചക്ര വാഹനങ്ങളും മറ്റു വാഹനങ്ങളും ഒവര്‍ബ്രിഡ്ജിന് അടിവശത്തായും പഴയ ബസ് സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷന്‍ റോഡരികിലും പാര്‍ക്ക് ചെയ്യാവുന്നതാണ്.

8. മാര്‍ക്കറ്റില്‍ ഇരുഭാഗങ്ങളിലുമുള്ള പാര്‍ക്കിംഗ് നിരോധിച്ചു.

9. തിരക്കേറിയ സമയങ്ങളില്‍ മാര്‍ക്കറ്റില്‍ വലിയ ചരക്ക് വാഹനങ്ങള്‍ പ്രവേശിക്കുന്നത് നിയന്ത്രിച്ചു.

10. അനധികൃത പാര്‍ക്കിങ്ങുകള്‍, പാതയോര കച്ചവടങ്ങള്‍ എന്നിവ അനുവദിക്കുന്നതല്ല.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.