കൊയിലാണ്ടി ബസ് സ്റ്റാന്റില്‍ കുഴഞ്ഞുവീണയാള്‍ക്ക് പാഞ്ഞെത്തി പ്രഥമ ശുശ്രൂഷ നല്‍കി ‘ജീവന്‍ രക്ഷിച്ച്’ ഫയര്‍ ഫോഴ്‌സ്; അമ്പരന്നു പോയ ജനങ്ങള്‍ക്ക് ഒടുവില്‍ ആശ്വാസ വാര്‍ത്ത (വീഡിയോ കാണാം)


കൊയിലാണ്ടി: അയാൾ തലയിലേക്ക് കൈ വെച്ചതും താഴേക്ക് കുഴഞ്ഞു വീണതും എല്ലാം ഒരുമിച്ചായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ട് പോകണോ, കുടിക്കാൻ വെള്ളം കൊടുക്കണോ എന്നൊന്നും അറിയാതെ അമ്പരന്നു നിൽക്കുകയായിരുന്നു അവിടെ ബസ് കാത്ത് നിന്നവർ.
എന്നാൽ ഉടനെ തന്നെ അവിടേക്കു അഗ്നി ശമന സേന അംഗങ്ങൾ പാഞ്ഞെത്തി അയാൾക്കാവിശ്യമായ പ്രഥമ ശുശ്രുഷ നൽകുകയായിരുന്നു.

‘പൊടുന്നനെ നിങ്ങളുടെ സമീപത്തൊരാൾ ആകസ്മികമായി കുഴഞ്ഞു വീണാൽ അല്ലെങ്കിൽ ബോധംപോയാൽ നിങ്ങനെയാണ് പ്രതികരിക്കേണ്ടത് എന്ന പാഠമാണ് ഇപ്പോൾ കാണിച്ചത്.’ കൊയിലാണ്ടി ബസ് സ്റ്റാൻഡിലെ യാത്രക്കാരോടായി ഫയർ ഫോഴ്സ് പറഞ്ഞു.

അപ്പോഴുമതൊരു മോക്ക് ഡ്രില്ലാണെന്ന് പലർക്കും മനസ്സിലായിരുന്നില്ല. പ്രഥമശുശ്രുഷയെ പറ്റി യാത്രക്കാരെയും നാട്ടുകാരെയും ബോധവൽക്കരിക്കുകയായിരുന്നു ലക്ഷ്യം. സി.പി.ആർ എങ്ങനെ കാര്യക്ഷമമായി നൽകാം എന്ന് കാണിച്ചു കൊടുത്തു. പലർക്കുമാതൊരു പുതിയ അറിവായിരുന്നു. കാണികൾ അവശേത്തോടെ പ്രതികരിച്ചു.

സിവിൽ ഡിഫെൻസ്, ഹോം ഗാർഡ് റെയ്‌സിങ്ഡേ യുടെ വാരാചരണത്തിന്റെ ഭാഗമായാണ് മോക്ക് ഡ്രിൽ നടത്തിയത്. സ്റ്റേഷൻ ഓഫീസർ ആനന്ദൻ സി.പി പരിപാടിക്ക് നേതൃത്വം വഹിച്ചു. അസി:സ്റ്റേഷൻ ഓഫീസർ പ്രമോദ് പി.കെ ബോധവൽക്കരണ ക്ലാസ്സെടുത്തു. അഗ്നിശനസേനാഗങ്ങളും സിവിൽ ഡിഫെൻസ് വോളണ്ടിയർമാരും മോക്ഡ്രില്ലിൽ പങ്കെടുത്തു.

 

 

എങ്ങനെയാണ് പ്രഥമശുശ്രൂഷ നൽകുന്നത്?

ഇത്തരമൊരവസ്ഥയിൽ പ്രഥമ ശുശ്രുഷ നൽകുന്ന ആൾ മനസാന്നിദ്ധ്യം കൈവിടരുത്. ആദ്യം ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്ന വ്യക്തിയെ സമാശ്വസിപ്പിച്ച് കസേരയിൽ ചാരിയിരുത്തുക. തലയും തോളും തലയണവെച്ച് താങ്ങുകൊടുക്കണം. വസ്ത്രങ്ങൾ ഇറുകി കിടക്കാൻ പാടില്ല. തളർന്ന് അവശനായി ഇരിക്കുകയോ കുഴഞ്ഞുവീഴുകയോ ചെയ്താൽ ഉടനെ തന്നെ നിരപ്പായ പ്രതലത്തിൽ മലർത്തിക്കിടത്തണം. കാലിനടിയിലായി ഒരു തലയണവെച്ച് കാൽഭാഗം ഉയർത്തിവെക്കുന്നത് നല്ലതാണ്. തലച്ചോറിലേക്കുള്ള രക്തപ്രവാഹം സുഗമമാക്കാൻ ഇത് സഹായിക്കും. അതുവഴി ബോധം വീണ്ടെടുക്കാനും സാധിക്കും.

മൂക്കിനു താഴെ ചൂണ്ടുവിരൽ വച്ചനിശ്വാസവായു സ്പർശിച്ചറിയണം. കഴുത്തിന്റെ ഇരുവശങ്ങളിലായി കരോട്ടിഡ് പൾസോ കൈത്തണ്ടയിൽ പിടിച്ച് റേഡിയൽ പൾസോ നോക്കി ഹൃദയപ്രവർത്തനം അറിയാൻ ശ്രമിക്കണം. ശ്വസനപ്രവർത്തനവും ഹൃദയസ്പന്ദനവുമില്ലെങ്കിൽ രോഗി അതീവ ഗുരുതരാവസ്ഥയിലാണ്. ഇവിടെ രോഗിക്ക് ഹൃദയസ്തംഭനവും, ശ്വസനസ്തംഭനവും ഉണ്ടായിരിക്കുകയാണ്.

ഇത്തരമൊരവസ്ത്ഥയിൽ പ്രഥമശുശ്രുഷകൻ ചെയ്യേണ്ട പ്രധാന കാര്യമാണ് സി.പി.ആർ. (കാർഡിയോ പൾമനറി റെസസിറ്റേഷൻ).

സി.പി.ആർ ചെയ്യേണ്ടുന്ന വിധം

ആദ്യം രോഗിയെ നിരപ്പായ പ്രതലത്തിൽ മലർത്തിക്കിടത്തുക. ഉടനെ തന്നെ മൂക്കിലും വായിലുമൊക്കെ പിടിച്ചിരിക്കുന്ന ഉമിനീരും പതയുമൊക്കെ തുടച്ചുമാറ്റണം. ബോധക്ഷയമുണ്ടായ ആളിന്റെ നാവ് പുറകോട്ട് മറിഞ്ഞ് ശ്വാസ തടസ്സമുണ്ടാകും. അതിനാൽ തന്നെ കീഴ്ത്താടി അല്പം ഉയർത്തിപ്പിടിക്കണം. രോഗിയുടെ മാറെല്ലിനു മുകളിലായി ഇടതുകൈപ്പത്തിയും അതിനു മുകളിലായി ശുശ്രൂഷകന്റെ വലതുകൈപ്പത്തിയും ചേർത്തുവെക്കണം കൈമുട്ടുകൾ മടക്കാതെ കൈകൾ നിവർത്തിപ്പിടിച്ചുകൊണ്ട് മാറെല്ല് ശക്തിയായി താഴേക്കമർത്തണം. 5-6 സെന്റീമീറ്റർ വരെ താഴുമ്പോൾ ഹൃദയം ഞെരുങ്ങി ഹൃദയ അറകളിൽ ശേഖരിച്ചിരിക്കുന്ന രക്തം പുറത്തേക്ക് പ്രവഹിക്കുകയാണ് ചെയ്യുന്നത്.

നെഞ്ചിൽ സമ്മർദമേൽപ്പിക്കുന്നതോടൊപ്പം തന്നെ രോഗിയുടെ വായിലേക്ക് ശക്തിയായി ഊതി കൃത്രിമശ്വാസോച്ഛ്വാസവും നൽകണം.. കാർഡിയാക് മസാജ് നൽകുമ്പോൾ ഒരു മിനിറ്റിൽ 70-80 തവണയെങ്കിലും അമർത്തണം. രോഗിയുടെ പൾസും ശ്വാസോച്ഛ്വാസ ചലനങ്ങളും പ്രത്യക്ഷപ്പെടുന്നതുവരെയോ ഹൃദ്രോഗപരിചരണ സംവിധാനമുള്ള ആശുപത്രിയിലെത്തിക്കുന്നതുവരെയോ സി.പി.ആർ. തുടരണം.

കാർഡിയാക് അറസ്റ്റ് സംഭവിച്ച വ്യക്തിയുടെ നെഞ്ചിൽ ഹൃദയഭാഗത്തായി ശക്തിയായി ഇടിക്കുക. പെട്ടെന്നുള്ള ഈ സമ്മർദം ഒരു ഷോക്കുപോലെ പ്രവർത്തിച്ച് ഹൃദയപ്രവർത്തനങ്ങൾ വീണ്ടെടുക്കാൻ സഹായിച്ചുവെന്നുവരാം.
.
പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ഉടനെ തന്നെ രോഗിയെ ആശുപത്രിയിലെത്തിക്കാൻ ശ്രദ്ധിക്കണം.

വീഡിയോ കാണാം: