കൊയിലാണ്ടി പാലക്കുളം കടപ്പുറത്ത് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഫുട്‌ബോള്‍ കളി; ഒമ്പത് വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു


കൊയിലാണ്ടി: പാലക്കുളം കടപ്പുറത്ത് കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ഫുട്‌ബോള്‍ കളിച്ച നിരവധി പേരുടെ ഇരുചക്ര വാഹനങ്ങള്‍ കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. പ്രദേശത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഫുട്‌ബോള്‍ കളി നടക്കുന്നുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ്‌ പൊലീസ് പ്രദേശത്ത് പരിശോധന നടത്തിയത്.

അറുപതോളം പേര്‍ പ്രദേശത്തുണ്ടായിരുന്നെങ്കിലും പൊലീസ് എത്തിയതോടെ ഇരുഭാഗങ്ങളിലേക്കും ആളുകള്‍ ചിതറി ഓടുകയായിരുന്നു. പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന ഒമ്പത് ബൈക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

മൂടാടി പഞ്ചായത്തില്‍ കണ്ടെയ്ന്‍മെന്റ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരം കൊവിഡ് പ്രോട്ടോകോള്‍ ലംഘനം നടക്കുന്നത്. ഇവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്ന് കൊയിലാണ്ടി പൊലീസ് എസ്.ഐ ശ്രീജേഷ് വ്യക്തമാക്കി.