കൊയിലാണ്ടി നഗരസഭ മുപ്പത്തിയഞ്ചാം വാര്‍ഡില്‍ സർക്കാർ ധനസഹായം ലഭിക്കണമെങ്കില്‍ ബിജെപി പാര്‍ട്ടി ഓഫീസിലെത്തണം; സംസ്ഥാന സര്‍ക്കാരിന്റെ ആയിരം രൂപ ധനസഹായം ബിജെപി പാര്‍ട്ടി ഓഫീസില്‍ വിതരണം ചെയ്‌തെന്ന് പരാതി, ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി പാര്‍ട്ടി ഓഫീസില്‍ എത്തിച്ചെന്ന് ആരോപണം


കൊയിലാണ്ടി: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആയിരം രൂപയുടെ
ധനസഹായം ബി.ജെ.പി. ഓഫീസിൽവെച്ച് വിതരണം ചെയ്തതായി പരാതി. കൊയിലാണ്ടി നഗരസഭയിലെ 35-ാം വാർഡിലാണ് ബി.ജെ.പി. കൗൺസിലർ വൈശാഖിൻ്റെ നേതൃത്വത്തിൽ ബി.ജെ.പി.യുടെ പാർട്ടി ഓഫീസായ മാരാർജി ഭവനിൽ വെച്ച് ധനസഹായം വിതരണം ചെയ്തത്‌.

ഒരു ക്ഷേമനിധിയിലും അംഗങ്ങളല്ലാത്ത ബി.പി.എൽ. കുടുംബത്തിൽപ്പെട്ടവർക്ക് സംസ്ഥാന സർക്കാർ 1000 രൂപ പ്രഖ്യാപിച്ചിരുന്നു. പണം വിതരണം ചെയ്യാനെത്തിയ ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തി ബി.ജെ.പി. ഓഫീസിലെത്തിച്ച് പണം വിതരണം ചെയ്യിപ്പിച്ചെന്നാണ്‌ ആരോപണം.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ച വാർഡിലാണ് എല്ലാ കോവിഡ് പ്രോട്ടോക്കോളും ലംഘിച്ച് കൗൺസിലറുടെ നേതൃത്വത്തിൽ പണം വിതരണം ചെയ്തത്. ഇത്തരത്തിലുള്ള നിരവധി സാമൂഹിക ക്ഷേമ പെന്‍ഷനുകള്‍ ഇതേ ബിജെപി ഓഫീസില്‍ വച്ച് നേരത്തേയും വിതരണം ചെയ്തിട്ടുണ്ടെന്ന്‌ സിഐടിയു കൊയിലാണ്ടി ഏരിയാ കമ്മിറ്റി സെക്രട്ടറി സി.എം സുനിലേശന്‍ വ്യക്തമാക്കി.

കോവിഡ് കാലത്തെ ധനസഹായം ഒരു പാർട്ടിയുടെയും ഓഫീസിൽ വിതരണം ചെയ്യാൽ പാടില്ലെന്നും, ബാങ്കുജീവനക്കാര്‍ വീടുകളില്‍ എത്തി വിതരണം ചെയ്യണമെന്നും മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയതാണ്. അതിന് ബാങ്കിന് സർക്കാർ 50 രൂപ വീതം അനുവദിക്കുന്നുമുണ്ട്. ഇതിൽ സർക്കാർ ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. ഇത് അട്ടിമറിച്ചാണ് ഇവിടെ പണം വിതരണം ചെയ്തത്.

ഇതിനെതിരെ സിപിഐ(എം) കൊയിലാണ്ടി സൗത്ത്‌ ലോക്കൽ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ലോക്കൽ സെക്രട്ടറി പി.കെ. ഭരതൻ സംസാരിച്ചു. സംഭവത്തിൽ മത്സ്യതൊഴിലാളി യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറി സി.എം. സുനിലേശൻ്റെ നേതൃത്വത്തിലും പ്രതിഷേധിച്ചു.