കൊയിലാണ്ടി നഗരത്തില്‍ നാട്ടുകാരെ വലച്ച് വെള്ളക്കെട്ട്; പരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികള്‍
കൊയിലാണ്ടി: നഗരമധ്യത്തില്‍ മലിനജലം കെട്ടിക്കിടക്കുന്നത് ജനങ്ങളെ വലക്കുന്നു. കൊയിലാണ്ടി ഫ്‌ളൈ ഓവറിന് താഴെ ബസ് സ്റ്റാന്റ് റെയില്‍വേ സ്‌റ്റേഷന്‍ ലിങ്ക് റോഡിലാണ് വെള്ളക്കെട്ട്. റെയില്‍വേ സ്‌റ്റേഷന്‍, വിദ്യാലയങ്ങള്‍, മദ്യവില്‍പ്പന ശാലകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ കൂടാതെ നിരവധി വീട്ടുകാര്‍ക്കും മലിനജലത്തിലൂടെയാണ് യാത്ര.
വന്‍തോതില്‍ മാലിന്യം നിക്ഷേപിക്കുന്ന ഇടങ്ങളില്‍ നിന്നുള്ള വെള്ളമാണ് ഇവിടെ കെട്ടികിടക്കുന്നത്. സാധാരണക്കാരായ വ്യാപാരികളും വെള്ളക്കെട്ടില്‍ ബുദ്ധിമുട്ടിലാണെന്ന് പ്രദേശത്ത് കട നടത്തുന്ന രോഷിത്ത് പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൂടി തുറക്കുന്നതോടെ ഇതിലൂടെയുള്ള യാത്ര കൂടുതല്‍ ദുസ്സഹമായി മാറും.
എന്നാല്‍ പ്രദേശത്തെ വെള്ളക്കെട്ട് പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ.അജിത്ത് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. സ്ഥലം എന്‍ഞ്ചിനീയര്‍മാര്‍ പരിശോധിക്കുകയും എസ്റ്റിമേറ്റ് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. റോഡ് ഉയര്‍ത്തി വെള്ളം ഒഴിഞ്ഞ് പോകാനുള്ള സൗകര്യം ഒരുക്കുമെന്നും ഇ.കെ.അജിത്ത് വ്യക്തമാക്കി.