‘കൊയിലാണ്ടി നഗരത്തിലെത്തുന്നവര്‍ക്ക് ബൈപ്പാസിലേക്ക് കയറാന്‍ നന്തിയിലോ, ചെങ്ങോട്ടുകാവിലോ പോകേണ്ട അവസ്ഥ ഉണ്ടാവും’; കോമത്തുകരയില്‍ നിന്ന് ബൈപ്പാസിലേക്ക് പ്രവേശന മാര്‍ഗ്ഗം വേണമെന്ന് നാട്ടുകാര്‍


കൊയിലാണ്ടി: ‘കൊയിലാണ്ടി നഗരത്തിലെത്തുന്നവര്‍ ബൈപ്പാസിലേക്ക് കയറാന്‍ എന്താണ് ചെയ്യേണ്ടത്? നന്തിയിലോ, ചെങ്ങോട്ടുകാവിലോ പോകേണ്ട അവസ്ഥ ആണോ?’ താമരശ്ശേരി -കൊയിലാണ്ടി സംസ്ഥാന പാതയിലുളള കോമത്തുകര ഭാഗത്ത് ബൈപ്പാസിലേക്ക് പ്രവേശനം വേണമെന്ന് നാട്ടുകാർ.

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണം പൂർത്തിയാകുന്നതോടെ ഈ ഭാഗത്തുള്ളവർ കറങ്ങി പോകേണ്ട അവസ്ഥയാകും എന്നുള്ളത് കൊണ്ട് കോമത്തുകര ഭാഗത്ത് നിന്ന് ബൈപാസ്സിലേക്ക് പ്രവേശന മാര്‍ഗ്ഗം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യമുന്നയിച്ച് കൊയിലാണ്ടി നഗരസഭയിൽ ജനകീയ കമ്മിറ്റി യോഗം ചേര്‍ന്നു. മുപ്പത്തിയൊന്നാം വാര്‍ഡ് കൗണ്‍സിലര്‍ എം.ദൃശ്യ അധ്യക്ഷത വഹിച്ചു.

താമരശ്ശേരി കൊയിലാണ്ടി സംസ്ഥാന പാത 66 പ്രധാനമായും ബൈപ്പാസിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് കര്‍ണ്ണാടക, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലേക്ക് പോകാനുളള റോഡാണ്. കൊയിലാണ്ടി-എടവണ്ണ സംസ്ഥാന പാത മുറിച്ചു കടന്നാണ് നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നു പോകുന്നതിനാൽ കൊയിലാണ്ടി നഗരത്തിലെത്തുന്നവര്‍ക്ക് ബൈപ്പാസിലേക്ക് കയറണമെങ്കിൽ നന്തിയിലോ ,ചെങ്ങോട്ടുകാവിലോ പോകേണ്ട അവസ്ഥ ഉണ്ടാവും. ഇത് യാത്രക്കാർക്ക് ഏറെ ദുരിതം സൃഷ്ടിക്കും. സംസ്ഥാന പാത മുറിച്ചു കടക്കുന്ന കോമത്തുകരയില്‍ ഓവര്‍പാസാണ് നിര്‍മ്മിക്കുന്നത്.

ഇതിന് പരിഹാരം അധികൃതർ കാണണമെന്ന് കൗൺസിലർ ദൃശ്യ ആവശ്യപ്പെട്ടു. ‘ട്രാഫിക് ഐലെൻഡോ ജംഗ്ഷനോ സ്ഥാപിക്കണം. ഇക്കാര്യത്തില്‍ എന്‍.എച്ച്.എ.ഐ അധികൃതര്‍ അനുകൂല നിലപാട് എടുക്കേണ്ടതാണ്’ ദൃശ്യ കൂട്ടിച്ചേർത്തു. കൊയിലാണ്ടി നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുവാനും ഇത് സഹായകമാകും

ബൈപ്പാസ് നിർമ്മാണം മൂലം പ്രദേശത്ത് മറ്റ് ബുദ്ധിമുട്ടുകളും നിലനിൽക്കുന്നുണ്ട്. പണി മൂലം കോതമംഗലം-വായനാരിക്കുനി ഓവുചാല്‍ അടഞ്ഞു കിടക്കുകയാണ്. വെളളപ്പൊക്ക ഭീതി നിലനിൽക്കുന്നതിനാൽ ശാസ്ത്രീയമായി ഓവുചാല്‍ നിർമ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അതേപോലെ ബൈപ്പാസ് അണേല കുറുവങ്ങാട് റോഡ് മുറിച്ചു കടക്കുന്നിടത്തും അണ്ടര്‍ പാത്ത് അനുവദിക്കണമെന്നും ആവശ്യം ഉയർന്നു.

ജനകീയ കമ്മിറ്റി യോഗത്തില്‍ കെ.പി.വിനോദ് കുമാര്‍,വായനാരി വിനോദ്,ടി.എം.നാരായണന്‍,ചെറുവക്കാട്ട് രാമന്‍,ഷേണു,മനോഹരന്‍തച്ചംവളളി എന്നിവര്‍ സംസാരിച്ചു. ഇക്കാര്യത്തില്‍ നഗരസഭ ഇടപെടണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍മാരായ ടി.കെ.ഷീന,എം.ദൃശ്യ എന്നിവര്‍ നഗരസഭാധ്യക്ഷയ്ക്ക് നിവേദനം നല്‍കി.

ബെപാസ്സ്‌ നിർമ്മാണത്തോടെ നിരവധി പ്രദേശങ്ങളാണ് ദുരിതത്തിലാവുന്നത്. കൊല്ലം കുന്ന്യാറമല ഇിടിച്ചുനിരത്തിയാണ് ഈ ഭാഗത്ത് ബൈപ്പാസ് നിർമിക്കുന്നത്. ഇതോടെ സമീപത്തുള്ള ഒട്ടേറെ ഇടറോഡുകളിലൂടെയുള്ള ഗതാഗതം ബൈപ്പാസ് നിർമിക്കുമ്പോൾ തടസ്സപ്പെടും. 11 കിലോമീറ്റർ നീളത്തിലും 45 മീറ്റർ വീതിയിലും ആറുവരിയിലായി നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമാണം പുരോഗമിക്കുന്നത്.

Summary: The locals want an access route from Komathukara to the bypass