കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റൽ; ഇ-ഹെല്‍ത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു



കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ ഇ ഹെല്‍ത്ത് പദ്ധതിയുടെ പ്രവര്‍ത്തി മന്ത്രി കെ.കെ.ശൈലജ ഓണ്‍ ലൈനില്‍ ഉദ്ഘാടനം ചെയ്തു. കലക്ടര്‍ സീറാം സാംബശിവ റാവു മുഖ്യാതിഥിയായിരുന്നു. കെ.ദാസൻ എഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 65 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി ആരംഭിച്ചത്. കെ.ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.

വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച നിലവാരത്തിലും ക്യത്യതയോടെയും വേഗത്തിലും സാധാരണക്കാര്‍ ഉള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങള്‍ക്കും സേവനങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇ-ഹെല്‍ത്ത് പദ്ധതിയുടെ ലക്ഷ്യം. ഓരോ പൗരന്റെയും ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കേന്ദ്രീകൃത ഡാറ്റാബേസ് ഇ ഹെല്‍ത്ത് പദ്ധതി വഴി സൃഷ്ടിക്കപ്പെടുന്നു. ഈ ഡാറ്റാബേസ് വിശകലനം ചെയ്ത് ആരോഗ്യപ്രശ്‌നങ്ങള്‍ പൂര്‍ണമായി മനസ്സിലാക്കുവാനും പൊതുജനാരോഗ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമായും സൂക്ഷ്മമായും വിലയിരുത്താന്‍ കഴിയും.

രജിസ്‌ട്രേഷന്‍, ഒ.പി പരിശോധനകള്‍, അഡ്മിറ്റ് ചെയ്യുമ്പോൾ ചികിത്സാ വിവരങ്ങള്‍, ലബോറട്ടറി പരിശോധനകള്‍, ഫാര്‍മസി തുടങ്ങി ഡിസ്ചാര്‍ജ് ചെയ്യുന്നത് വരെയുള്ള കാര്യങ്ങള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിലൂടെ നാം ഇന്ന് കാണുന്ന ആരോഗ്യ സംരക്ഷണ മേഖലകളില്‍ കാതലായ മാറ്റങ്ങള്‍ പ്രകടമാകുന്നു. പൊതുജന ആരോഗ്യ വിവരങ്ങള്‍ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ചും ആശുപത്രി തലത്തില്‍ വെബ് അധിഷ്ഠിത സോഫ്റ്റ്‌വെയര്‍ മുഖേന ഈ ഹെല്‍ത്ത് പദ്ധതി പ്രാവര്‍ത്തികമാക്കിയത്.

അതോടൊപ്പം എന്‍എച്ച് ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ട്രൂ നാറ്റിന്റെ ഉദ്ഘാടനവും, താലൂക്കാശുപത്രിയിലെ ഐ സി ടി സിക്ക് എന്‍.എ.ബി.എല്‍ അക്രെഡിറ്റേഷന്‍ ലഭിച്ചതിന്റെ അനുമോദനവും എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.സുധ, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ.സത്യന്‍, സി.പ്രജില, എ.അസീസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ജയശ്രീ, ഡി.പി.എം ഡോ.എ.നവീന്‍, ഇ ഹെല്‍ത്ത് ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.പ്രമോദ് കുമാര്‍, ആശുപത്രി സൂപ്രണ്ട് പി.പ്രതിഭ എന്നിവര്‍ സംസാരിച്ചു.