കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ മധ്യവയസ്കനെ വയലിൽ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഞാണംപൊയില്‍ പൈങ്ങോട്ടുകുനിയിലെ വയലില്‍ കണ്ടെത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. എടക്കുളം കലോപ്പൊയില്‍ കുനിയില്‍ ശിവരാജന്റെ (55) മൃതദേഹമാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയത്.
ഇന്ന് ഉച്ചയോടെയാണ് കൂലിപ്പണിക്കാരനായിരുന്ന ശിവരാജന്റെ മൃതദേഹം വയലില്‍ കണ്ടെത്തിയത്. ശിവരാജന്റെ മകനാണ് മൃതദേഹം ആദ്യം കണ്ടത്. വയലിലെ ചളിവെള്ളക്കെട്ടില്‍ വീണ് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
പ്രഥമദൃഷ്ട്യാ ശിവരാജന്റെ മരണത്തില്‍ അസ്വാഭാവികതകള്‍ ഒന്നുമില്ല എന്ന് കൊയിലാണ്ടി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സുനില്‍കുമാര്‍ കൊയിലാണ്ടി ന്യസ് ഡോട് കോമിനോട് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ഏച്ചന്റെയും വെള്ളായിയുടെയും മകനാണ് ശിവരാജന്. വസന്തയാണ് ഭാര്യ. അഖില്‍രാജ്, അശ്വിന്‍രാജ് എന്നിവരാണ് മക്കള്‍. സഹോദരങ്ങള്‍ നളിനി, മീനാക്ഷി, ശാന്ത, പരേതരായ വേലായുധന്, കല്യാണി.