കൊയിലാണ്ടി കൊല്ലം മന്ദമംഗലം ബീച്ചില്‍ കടലിന് കടുംപച്ചനിറം: കാര്യമെന്തെന്നറിയാതെ അത്ഭുതപ്പെട്ട് കൊയിലാണ്ടിക്കാര്‍ (വീഡിയോ കാണാം)
കൊയിലാണ്ടി: കൊല്ലം മന്ദമംഗലം ബീച്ചില്‍ കടലിന് കടുംപച്ചനിറം. ഇന്ന് രാവിലെയാണ് ഈ പ്രതിഭാസം ശ്രദ്ധയില്‍പ്പെട്ടത്. കുഴമ്പുരൂപത്തിലുള്ള വെള്ളമാണ് ഈ ഭാഗത്തുള്ളത്.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ നിരവധിയാളുകളാണ് പ്രദേശത്ത് എത്തുന്നത്. പ്രദേശത്ത് ആദ്യമായാണ് ഇത്തരമൊരു പ്രതിഭാസം ശ്രദ്ധയില്‍പ്പെടുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
നേരത്തെ കാസര്‍കോട് തീരത്തും കൊച്ചിയിലും ആലപ്പുഴയിലുമെല്ലാം സമാനമായ പ്രതിഭാസം ശ്രദ്ധയില്‍പ്പെട്ടിരുന്നു. കാലാവസ്ഥ വ്യതിയാനത്തിനൊപ്പം കടലിലെ ആവാസവ്യവസ്ഥ താളംതെറ്റുന്നതാണ് കടല്‍ പച്ചനിറത്തിലേക്ക് വഴിമാറാന്‍ കാരണമെന്നാണ് കുസാറ്റ് മറൈന്‍ ബയോളജി വിഭാഗം മേധാവി ഡോ. ബിജോയ് നന്ദന്‍ പറഞ്ഞത്. ആല്‍ഗകളുടെ ഈ പ്രതിഭാസത്തെ ആല്‍ഗല്‍ ബ്ലൂം എന്നാണ് വിളിക്കുന്നത്. പച്ചനിറത്തില്‍ കാണപ്പെടുന്നത് കടലില്‍ വളരുന്ന അതീവ വിഷാംശം അടങ്ങിയ മാരകമായ ആല്‍ഗകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
കടല്‍ക്കറ എന്ന് സാധാരണ അറിയപ്പെടുന്ന പ്രതിഭാസമാണിതെന്നാണ് നേരത്തെ കൊല്ലം ജില്ലയിലെ തീരത്ത് ഇത്തരം പ്രതിഭാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കേന്ദ്രമത്സ്യഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. കെ.കെ അപ്പുക്കുട്ടന്‍ പറഞ്ഞത്. മഴയ്ക്കുശേഷം കായില്‍ നിന്ന് സസ്യങ്ങള്‍ വളരാന്‍ ആവശ്യമായ ധാതുക്കള്‍ ഏറെ അടങ്ങിയ ജലം കടലിലേക്ക് ഒഴുകിയെത്തും. ഇതേത്തുടര്‍ന്ന് കടല്‍വെള്ളത്തിലെ അതിസൂക്ഷ്മ ആല്‍ഗകള്‍ പതിന്മടങ്ങ് വര്‍ധിക്കുന്നതിനാലാണ് പച്ചനിറം കാണപ്പെടുന്നതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
കൊല്ലം മന്ദമംഗലം കടലില്‍ പച്ചനിറം കണ്ടെത്തിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ വിദഗ്ധ പരിശോധനകള്‍ക്കു ശേഷമേ അറിയാന്‍ കഴിയൂ.