കൊതുകിനെ തുരത്താന്‍ പഞ്ചായത്തും ആരോഗ്യ വകുപ്പും കൃഷിയിടങ്ങളില്‍; കൊതുകുകളുടെ വിഹാര കേന്ദ്രമായി ചക്കിട്ടപ്പാറ പഞ്ചായത്ത് ഓഫീസ് വളപ്പ്


ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുമ്പോഴും കുറുന്തോട്ടിക്ക് വാതം പിടിച്ചത് കാണാതെ പഞ്ചായത്തധികൃതരും ആരോഗ്യ പ്രവര്‍ത്തകരും. കൊതുകിന്റെ ഉറവിട നശീകരണ മഹായജ്ഞം വാര്‍ഡുകള്‍ തോറും ആഘോഷമായി നടത്തുമ്പോഴും ഗ്രാമ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ പിന്നാമ്പുറത്തെ മാരകമായ കൊതുക് ഉറവിട കേന്ദ്രങ്ങള്‍ ആരും ശ്രദ്ധിക്കുന്നില്ല.

ഓഫീസ് കോമ്പൗണ്ടിലെ പഴയ പഞ്ചായത്ത് ഓഫീസിന്റെ പിന്‍ഭാഗം കൊതുകുകളുടെ പ്രധാനപ്പെട്ട ഉറവിട കേന്ദ്രമാണ്. ഇവിടെ ജലാശമുള്ള പ്ലാസ്റ്റിക് കുപ്പികളും പേപ്പര്‍ ഗ്ലാസുകളും നിരന്നു കിടക്കുന്നു. അതില്‍ കൂത്താടികള്‍ പെരുകിയിട്ടുണ്ട്. കെട്ടിടത്തിന്റെ ഒരു വശത്ത് പണ്ടെങ്ങോ ചാക്കിലാക്കി കൊണ്ടുവന്നു തള്ളിയ പ്ലാസ്റ്റിക് കുപ്പികളും മറ്റും കൂനയായി കിടക്കുന്നുണ്ട്. ഇവിടെയെല്ലാം കൊതുക് വളര്‍ത്തു കേന്ദ്രമായി മാറിയിരിക്കുകയാണ്. പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലാണു കാര്‍ഷിക കര്‍മ്മ സേനയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഇതിന് സമീപത്തായി നിരവധി വീടുകളും കൃഷിഭവനും ഉണ്ട്.

മറ്റൊന്ന് നിലവിലുള്ള പഞ്ചായത്തോഫീസ് കെട്ടിടത്തിന്റെ പിന്‍ഭാഗത്തുള്ള കളി മൈതാനത്തിന്റെ പ്രവേശന കവാടത്തിന്റെ വശത്തായി സ്ഥിതി ചെയ്യുന്ന ഉപയോഗ ശൂന്യമായ ശൗചാലയമാണ്. മാലിന്യം നിറഞ്ഞ ഇതും കൊതുക് ഉറവിട കേന്ദ്രമാണ്. അടുത്ത പ്രധാന മാലിന്യ കേന്ദ്രമായി നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചത് കുടുംബശ്രീ ജനകീയ ഹോട്ടലിന്റെ പിന്‍ഭാഗമാണ്. മലിനജലം ഇവിടെ തളം കെട്ടികിടക്കുന്ന അവസ്ഥയാണ്. ഇവിടവും കൊതുകുകളുടെ ഉറവിട കേന്ദ്രമാണ്. സാധാരണ നിലയില്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കണമെങ്കില്‍ മലിനജലം ഒഴിവാക്കാനുള്ള സംവിധാനം ഒരുക്കണം. ഭരണ സമിതി അംഗങ്ങളും സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും ഭക്ഷണം കഴിക്കുന്ന കുടുംബശ്രീ ഹോട്ടലിനു ഈ സംവിധാനമുണ്ടോയെന്നു അധികാരികള്‍ കൃത്യമായി പരിശോധിക്കുന്നില്ല.

കുടുംബശ്രീ ഹോട്ടലിനും മൈതാനത്തിനും സമീപത്തായി നിരവധി വീടുകളുണ്ട്. മൈതാനത്ത് രാവിലെയും വൈകീട്ടും കളികള്‍ക്കായി വിവിധ പ്രദേശങ്ങളില്‍ നിന്നായി നിരവധി പേര്‍ എത്താറുമുണ്ട്. എന്നാല്‍ പഞ്ചായത്ത് ഓഫീസ് കെട്ടിട പരിസരത്തെ മാലിന്യകേന്ദ്രങ്ങള്‍ ഇവരുടെയെല്ലാം ആരോഗ്യത്തിന് ഭീക്ഷണിയായി മാറിയിരിക്കുന്നു എന്നാണ് നാട്ടുകാരുടെ പരാതി. റബര്‍ തോട്ടങ്ങളിലെ ചിരട്ടകള്‍ തുറന്നിരിക്കുന്നത് കൊതുകുകള്‍ മുട്ടയിട്ട് പെരുകാനുള്ള സാഹചര്യമുണ്ടാക്കുന്നുവെന്ന് പറയുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ പഞ്ചായത്ത് കോമ്പൗണ്ടിലെ ഗുരുതര മാലിന്യ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിച്ച് ഇരട്ട താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഡെങ്കിപ്പനി പ്രതിരോധിക്കാന്‍ പഞ്ചായത്ത് മുഴുവന്‍ കൊതുകിന്റെ ഉറവിട നശീകരണ യജ്ഞം നടത്തുമ്പോള്‍ ജനങ്ങളുടെ ആരോഗ്യത്തിന് തന്നെ ഭീക്ഷണിയായി നില നില്‍ക്കുന്ന പഴയ പഞ്ചായത്ത് ഓഫീസിന്റെ പിന്‍ഭാഗത്തും, ഉപയോഗ ശൂന്യമായ ശൗചാലയത്തിലും, ജനകീയ ഹോട്ടലിന്റെ പിന്‍വശത്തുമുള്ള കൊതുകുകളുടെ ഉറവിട കേന്ദ്രങ്ങള്‍ കാണാതെ പോകരുത്.