കൊണ്ടംവളളി പാടശേഖരം കൊയിലാണ്ടിയുടെ നെല്ലറയാകും; പക്ഷേ കൂട്ടായ ശ്രമം വേണം


എ സജീവ്കുമാർ

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരമായ കൊണ്ടം വള്ളി പാടശേഖരത്തിൽ മുഴുവൻ ഭാഗങ്ങളിലും നെൽകൃഷി ആരംഭിക്കാനുള്ള പദ്ധതി തയ്യാറാക്കണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. പാടശേഖരം മുഴുവൻ വർഷങ്ങൾക്കു മുൻപ് വർഷത്തിൽ കന്നി, മകര കൃഷികൾനടത്തിയിരുന്നു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായി കനാൽ ജലം ഈ പാടശേഖരത്തിൽ എത്തി തുടങ്ങിയ കാലത്ത് പുഞ്ചകൃഷിയടക്കം മൂന്ന് തവണ കളിലായി കൃഷി നടത്തിയിരുന്നു. എന്നാൽ തുടർന്ന് കൃത്യമായ രീതിയിലുള്ള ജല ക്രമികരണ പ്രവർത്തനം നടത്താൻ കഴിയാത്തതിനാലാണ് കഴിഞ്ഞ നിരവധി വർഷങ്ങളിലായി പാടശേഖരത്തിലെ ഭൂരിഭാഗം ഭൂമിയിലും കൃഷി നടക്കാറില്ല.

കൊയിലാണ്ടി നഗരസഭയിലെ കുറുവങ്ങാട് വടക്കും ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ എളാട്ടേരി, ഞാണംപൊയിൽ എന്നിവ കിഴക്കും തെക്കുമായും മേലൂക്കര ഭാഗം പടിഞ്ഞാറും അതിർത്തിയായി ഏതാണ്ട് 400 ഏക്കറയോളം വിസ്തൃതമായി കിടക്കുന്നതാണ് കൊണ്ടം വള്ളി പാടശേഖരം. പത്തിൽ ചുവടെയുള്ളവർക്കു മാത്രമാണ് ഈ പാടശേഖരത്തിൽ കൂടുതൽ ഭൂമി സ്വന്തമായിട്ടുള്ളത്. ബാക്കി പത്തു സെൻ്റും 20 സെൻ്റുമെല്ലാം ഉടമസ്ഥതയിലുള്ള നൂറുകണക്കിന് കർഷകരുടെ താണ് പാടശേഖരത്തിലെ നല്ലൊരു ഭാഗം .ഇവരിൽ പലരുടേയും അനുമതിയോടെ കൊണ്ടം വള്ളി പാടശേഖര സമിതിയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇതിൽ കുറേ ഭാഗങ്ങളിൽനെൽകൃഷി നടത്താറുള്ളത്.

സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള കൃഷിഭവൻ്റെ സഹായം ലഭിക്കുന്നതു കൊണ്ട് മാത്രമാണ് വലിയ നഷ്ടമില്ലാതെ പാടശേഖര സമിതിക്ക് നടത്തി കൊണ്ടു പോകാൻ കഴിയുന്നത്. കഴിഞ്ഞ വർഷം കൊയ്ത്ത് ആരംഭിക്കേണ്ട സമയത്ത് എത്തിയ കനാൽ ജലവും കാലം നോക്കാതെ എത്തിയ മഴയും വലിയ നഷ്ടമാണുണ്ടാക്കിയത്. വടക്ക് ഭാഗത്തു കൂടി ഒഴുകുന്ന വെന്തോട് ശാസ്ത്രിയമായ രീതിയിൽ പൂർത്തിയാക്കിയാൽ ഈ പാടശേഖരം നല്ല രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് പാടശേഖര സമിതി പ്രസിഡൻ്റ് കോരമ്പത്ത്ചന്ദ്രൻ പറയുന്നു.

വെന്തോടിൻ്റെ ചെറിയൊരു ഭാഗം മാത്രമേ കെട്ടിപ്പടുത്തിട്ടുള്ളൂ. കെ.ദാസൻ എംഎൽഎ അനുവദിച്ച 45 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് കൊണ്ടം വള്ളി നടയിൽ നിർമ്മിക്കാനാരംഭിച്ച വിസിബികൾ പാടശേഖരത്തിൽ കൃഷി ആരംഭിക്കുന്നതിന് വലിയ ഗുണം ചെയ്യും. യന്ത്രങ്ങളെല്ലാം പാടത്തെത്തിക്കാൻ കഴിയുന്ന ഫാം റോഡും പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഇവിടെ ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം വെന്തോട് പാടശേഖരത്തിൻ്റെ എല്ലാ ഭാഗത്തുമെത്തുന്ന തരത്തിൽ പുനർനിർമ്മിക്കാൻ കഴിയണം. തോടിൻ്റെ കുറച്ചു ഭാഗങ്ങൾ മാത്രമാണ് കെട്ടിപടുത്തത്. ഇതിനോടനുബന്ധിച്ച് നിരവധി ചെറിയ തോടുകൾ നിർമ്മിക്കാനും കഴിയണം.

പാടത്തിൽ നിന്ന് തോടുകളിലേക്കും തിരിച്ചും വെള്ളം ഒഴുക്കിവിടാനും പാടത്തിലെ ഭൂമിയിലെ തട്ടിനനുസരിച്ച് വെള്ളം നിയന്ത്രിക്കാനും കഴിഞ്ഞാൽ പാടശേഖരത്തിലെ മുഴുവൻ ഭാഗവും കൃഷിഭൂമിയാക്കി മാറ്റാൻ കഴിയും. തൊഴിലുറപ്പു തൊഴിലാളികളെ പാടത്തിറക്കാൻ കഴിയുന്ന രീതിയിൽ നിലവിലെ നിയമത്തിൽ മാറ്റം വരുത്താൻ കഴിയുകയാണെങ്കിൽ കൂലി ചെലവിലെ നഷ്ടം ഒഴിവാക്കാൻ കഴിയും. തോട് നിർമ്മാണമടക്കം ശാസ്ത്രീയമായ രീതിയിൽ കൊണ്ടം വള്ളി പാടശേഖരം മുഴുവൻ ഉപയോഗിച്ച് കൃഷി ആരംഭിക്കുന്നതിനെ കുറിച്ച് പഞ്ചായത്ത് പ്രായോഗികമായി ആലോചന നടത്തുമെന്ന് പ്രദേശത്തെ വാർഡ് മെമ്പറും പഞ്ചായത്തു വൈസ് പ്രസിഡൻറുമായ പി വേണു പറഞ്ഞു.