കൊടുവള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് രണ്ടംഗം സംഘം പണം കവര്‍ന്നു


കൊടുവളളി: സ്‌കൂട്ടര്‍ യാത്രികയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് പണം തട്ടിയെടുത്തു. മുട്ടാഞ്ചേരി സ്വദേശി ലിജിയില്‍നിന്നാണ് രണ്ടംഗസംഘം കവര്‍ച്ചനടത്തിയത്. മടവൂരില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.

സ്വകാര്യസ്ഥാപനത്തിലെ ജോലികഴിഞ്ഞ് ലിജി സ്‌കൂട്ടറില്‍ വീട്ടിലേക്ക് തിരികെ പോവുന്ന വഴിയില്‍ മടവൂരിനടുത്ത് അത്ത്യാപറമ്പത്തുവച്ച് ബെക്കിലെത്തിയ ഹെല്‍മെറ്റ് ധാരികളായ രണ്ടംഗസംഘം സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി മുളകുപൊടിയെറിഞ്ഞ് കഴുത്തിലെ മാല പറിച്ചെടുക്കാന്‍ ശ്രമിക്കുകയും ലിജി ശ്രമം തടഞ്ഞപ്പോള്‍ വാഹനത്തില്‍ നിന്ന് തള്ളിയിട്ട് സ്‌കൂട്ടറിന്റെ താക്കോലെടുത്ത് ഡിക്കിയിലുണ്ടായിരുന്ന പണം അപഹരിക്കുകയുമായിരുന്നു. സംഭവത്തില്‍ കുന്നമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.