കൊടുവള്ളിയില്‍ മുഖം മൂടി ധരിച്ച രണ്ട് പേര്‍ രാത്രിയില്‍ ബൈക്ക് തടഞ്ഞു നിര്‍ത്തി യുവാവിനെ അക്രമിച്ചു


കൊടുവള്ളി: യുവാവിനെ ആക്രമിച്ച് പരുക്കേല്‍പിച്ചതായി പരാതി. വാവാട് എരത്തോണയില്‍ താമസിക്കുന്ന എരേരക്കല്‍ മുഹമ്മദിനെ (40) ആണ് ആക്രമിച്ചത്. ചൊവ്വ രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.

വാവാട് സെന്റര്‍ വെള്ളറമ്മലിലെ ബന്ധുവീട്ടില്‍ നിന്ന് എരഞ്ഞോണയിലെ വീട്ടിലേക്ക് വരുന്നതിനിടെ മുഖം മൂടി ധരിച്ച രണ്ട് പേര്‍ ബൈക്കിനു മുന്നിലേക്കു ചാടി വീണു തടഞ്ഞു നിര്‍ത്തുകയും മുളകു പൊടി വിതറി മുഹമ്മദിനെ വടി കൊണ്ടും കമ്പി കൊണ്ടും അടിച്ചു പരുക്കേല്‍പിക്കുകയും ആയിരുന്നുവെന്നാണ് പരാതി. മുഹമ്മദ് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സ തേടി.

ആക്രമിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നു കൊടുവള്ളി മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. സംഘത്തെ അറസ്റ്റ് ചെയ്യണമെന്ന് നഗരസഭാധ്യക്ഷന്‍ വെള്ളറ അബ്ദുവും ആവശ്യപ്പെട്ടു.