കൊച്ചിയിൽ ഇന്ധന വിലക്കയറ്റത്തിന് എതിരെയുള്ള കോൺഗ്രസ് സമരത്തിനിടെ നാടകീയരംഗങ്ങൾ; സമരക്കാരോട് പൊട്ടിത്തെറിച്ച് നടൻ ജോജു ജോർജ്ജ് (വീഡിയോ കാണാം)


കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ എറണാകുളത്ത് ഇടപ്പള്ളി-വൈറ്റില ഹൈവേ ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെ അരങ്ങേറിയത് നാടകീയരംഗങ്ങള്‍. സമരക്കാരോട് നടന്‍ ജോജു ജോര്‍ജ്ജ് ക്ഷുഭിതനായി പ്രതികരിച്ചു.

ദേശീയ പാതയില്‍ ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡിന്റെ ഇടതു ഭാഗം അടച്ചിട്ട് ഉപരോധ സമരം നടത്തിയതിനെതിരെയായിരുന്നു പ്രതിഷേധം. ഉപരോധത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ വന്‍ ഗതാഗത തടസമുണ്ടായിരുന്നു. വാഹനങ്ങളും രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളും അരമണിക്കൂറിലേറെ വഴിയില്‍ കുടുങ്ങിയതോടെയാണ് ജോജു അടക്കം പലരും പ്രതിഷേധവുമായി രംഗത്തെത്തിയത്.

രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ, കാശുണ്ടായത് കൊണ്ടാണ് ജോജു ജോര്‍ജ്ജ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാള്‍ വിളിച്ചുപറഞ്ഞു. താന്‍ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ഇതിന് ജോജു നല്‍കിയ മറുപടി.

സമരക്കാരെ പ്രതിഷേധമറിയിച്ച ജോജുവും സമര അനുകൂലികളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. തര്‍ക്കം കടുത്തതോടെ പൊലീസ് എത്തി ആളുകളെ ഒഴിപ്പിച്ചു. സമരക്കാര്‍ ജോജുവിന്റെ വാഹനം തടയുകയും പിന്‍ഭാഗത്തെ ചില്ല് തകര്‍ക്കുകയും ചെയ്തു. ഒടുവില്‍ പൊലീസെത്തിയാണ് വാഹനം കടത്തിവിട്ടത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


തുടര്‍ച്ചയായി ഉണ്ടാകുന്ന ഇന്ധനവില വര്‍ധനയ്‌ക്കെതിരെയാണ് കോണ്‍ഗ്രസ് പ്രത്യക്ഷ സമരം ആരംഭിച്ചിരിക്കുന്നത്. ജനങ്ങള്‍ക്കു മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം.

കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പിയാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്. കാറുകളും മുച്ചക്ര വാഹനങ്ങളും ഉള്‍പ്പടെ 1500 ഓളം വാഹനങ്ങള്‍ നിരത്തിലിറക്കിയാണ് കോണ്‍ഗ്രസ് സമരം. അതേസമയം, വലിയ വാഹനങ്ങള്‍ പൊലീസ് ഇടപെട്ട് ഇടപ്പള്ളിയില്‍നിന്ന് വഴിതിരിച്ചു വിട്ടു.

അതേസമയം കോണ്‍ഗ്രസ് സമരത്തിന് പൊലീസ് അനുമതി ഇല്ലായിരുന്നുവെന്ന് ഡി.സി.പി ഐശ്വര്യ ഡോങ്‌റെ പറഞ്ഞു. സമരം ഇത്രയും നേരം നീളുമെന്ന് പ്രതീക്ഷി ച്ചില്ലെന്നും ഡി.സി.പി പറഞ്ഞു.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.