കൊച്ചിയില്‍ മയക്കുമരുന്നു വേട്ട; പിടിയിലായവരില്‍ ബാലുശ്ശേരി സ്വദേശിനിയായ യുവതിയും


കൊച്ചി: കൊച്ചിയില്‍ പോലീസ് റെയ്ഡില്‍ പിടികൂടിയവരില്‍ ബാലുശ്ശേരി സ്വദേശിനിയായ യുവതിയും. മാരക മയക്കുമരുന്നുമായാണ് യുവതിയുള്‍പ്പെടെ അഞ്ചുപേരെ പൊലീസ് പിടികൂടിയത്. ബാലുശേരി ചാലിക്കണ്ടി ഷിനോ മെര്‍വിന്‍ (28), കൊല്ലം ഓച്ചിറ പള്ളിമുക്ക് സജന ഭവനില്‍ റിജു (38), കായംകുളം ഭരണിക്കാവ് പുള്ളിക്കണക്ക് ചെങ്ങലില്‍ അനീഷ് അനി (25), കരുനാഗപ്പിള്ളി കടത്തൂര്‍ നസീം നിവാസില്‍ നജീം ഷംസുദ്ദീന്‍ (40), തൊടുപുഴ മുള്ളരിങ്ങാട് സ്വദേശിനി മറിയ ബിജു (20), കായംകുളം പുതുപ്പാടി സ്വദേശി അതുല്‍ (24) എന്നിവരെയാണ് പിടിയിലായത്.

പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഫ്‌ലാറ്റിന്റെ എട്ടാംനിലയില്‍നിന്ന് വീണ് പരിക്കേറ്റ അതുലിന്റെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തും. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാക്കനാട് മില്ലുംപടിയിലെ ഹോളി ഫെയ്ത്ത് ഫ്‌ലാറ്റില്‍നിന്നാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും സഹിതം ഇവരെ പിടികൂടിയത്.

ഫ്‌ലാറ്റില്‍ മയക്കുമരുന്നുവില്‍പ്പന നടക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഷാഡോ പൊലീസും തൃക്കാക്കര പൊലീസും സംയുക്തമായി പരിശോധന നടത്തിയത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ഷെഡിന് മുകളിലേക്കുവീണ അതുല്‍ ഇരുമ്പുഷീറ്റ് തുളച്ച് നിലത്തുവീണു. ഇയാളുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. പിടിയിലായവരില്‍ പലരും ഫ്‌ലാറ്റിലെ താമസക്കാരായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ റിമാന്‍ഡ് ചെയ്തു.