കേളപ്പജിയെ ആദരിച്ച് തപാല്‍വകുപ്പ്; കേളപ്പജിയുടെ ചിത്രമുള്ള മൈസ്റ്റാമ്പ് പുറത്തിറക്കി
പയ്യോളി: സ്വാതന്ത്ര്യസമര സേനാനി കേരള ഗാന്ധി കെ.കേളപ്പനെ തപാല്‍ വകുപ്പ് ആദരിച്ചു. ദേശീയ തപാല്‍ വാരാചരണത്തിന്റെ ഭാഗമായുള്ള ഫിലാറ്റലി ദിനത്തോടനുബന്ധിച്ചും കെ. കേളപ്പന്റെ 50-ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായും തപാല്‍ വകുപ്പ് കെ. കേളപ്പന്റെ ചിത്രമുള്ള പ്രത്യേക കവര്‍ പുറത്തിറക്കി.
തുറയൂരിലെ കെ. കേളപ്പന്റെ തറവാടായ കൊയപ്പള്ളിയില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് റീജണല്‍ പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ടി. നിര്‍മ്മലദേവിയാണ് കവര്‍ പ്രകാശനം ചെയ്തത്. പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരീഷ്, കെ. കേളപ്പന്റെ പൗത്രന്‍ നന്ദകുമാര്‍ മൂടാടി എന്നിവര്‍ ഏറ്റുവാങ്ങി.
കെ. കേളപ്പന്റെ ചിത്രം ആലേഖനം ചെയ്ത മൈസ്റ്റാമ്പും പുറത്തിറക്കി. ചടങ്ങില്‍ ആധാര്‍മേളയും നടത്തി. സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങിയ കുട്ടികള്‍ക്കുള്ള പാസ്ബുക്കും കേളപ്പജിയുടെ ചിത്രമുള്ള നെയിം സ്ലിപ്പും വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന ആധാര്‍ മേള സി കെ ഗിരീഷ് ഉദ്ഘാടനംചെയ്തു.