കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി


പത്തനംതിട്ട: ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. പമ്പയില്‍ നിന്ന് ഇരുമുടി നിറച്ച് കെട്ടുമേന്തി സ്വാമി അയ്യപ്പന്‍ റോഡ് വഴി നടന്നാണ് ഗവര്‍ണര്‍ സന്നിധാനത്ത് എത്തിയത്. ഗവര്‍ണ്ണര്‍ക്കൊപ്പം ഇളയമകന്‍ കബീര്‍ മുഹമ്മദ് ഖാനും അയ്യപ്പദര്‍ശനത്തിനായി എത്തിയിരുന്നു.

ഗവര്‍ണ്ണറെ വലിയ നടപ്പന്തലിനു മുന്നില്‍ വച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു, ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. കെ.എസ്.രവി, ദേവസ്വം കമ്മീഷണര്‍ ബി.എസ്.തിരുമേനി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഗവര്‍ണ്ണര്‍ നാളെ രാവിലെയും ദര്‍ശനം നടത്തും. പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായുള്ള പരിപാടിയിലും പങ്കെടുത്ത ശേഷമാവും തിരികെ മടങ്ങുക.