കേരളവും പവര്‍ കട്ടിലേക്ക്; വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി
പാലക്കാട്: സംസ്ഥാനത്ത് പവര്‍കട്ട് വേണ്ടിവരുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. രാജ്യത്തെ കല്‍ക്കരി ക്ഷാമം സംസ്ഥാനത്തെയും ബാധിച്ചതായും മന്ത്രി പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് ആയിരം മെഗാവാട്ടാണ് കിട്ടേണ്ടിയിരുന്നത് എന്നാല്‍ അതില്‍ കുറവുണ്ടായി. കല്‍ക്കരി ക്ഷാമം ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടാണ് പവര്‍കട്ടിലേക്ക് പോകേണ്ടിവരുമെന്ന് പറയുന്നത്.
വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് കെഎസ്ഇബി നിരീക്ഷിച്ച് വരികയാണെന്നും ജനങ്ങള്‍ നിയന്ത്രിക്കണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജല വൈദ്യുത പദ്ധതികള്‍ മാത്രമാണ് പരിഹാരം. കഴിഞ്ഞ ദിവസം യൂണിറ്റിന് 18 രൂപ കൊടുത്താണ് വൈദ്യുതി വാങ്ങിയത്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധി വൈദ്യുതി ബോര്‍ഡിന് സൃഷ്ടിക്കുന്നുണ്ട്. മഴക്കാലമായതിനാല്‍ കേരളത്തില്‍ വലിയ തോതില്‍ വൈദ്യുതി ഉപയോഗം കുറയാറുണ്ട്.
അതിനാല്‍ അടുത്ത വേനല്ക്കാലമാകുമ്പോഴേക്കും പ്രതിസന്ധി തുടര്‍ന്നാല്‍ വൈദ്യുതിക്ക് വലിയ ക്ഷാമം നേരിടേണ്ടി വരുമെന്നാണ് വിവരം. വ്യവസായ മേഖലയ്ക്ക് പ്രശ്നങ്ങളില്ലാത്ത രീതിയിലാകും പവര്‍കട്ട് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
പല സംസ്ഥാനങ്ങളിലും 14 മണിക്കൂര്‍ വരെയാണ് അനൗദ്യോഗിക പവര്‍ കട്ട്. മതിയായ വൈദ്യുതിയുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. പവര്‍കട്ട് രൂക്ഷമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 135 കല്‍ക്കരി വൈദ്യുതി നിലയങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉല്പാദിപ്പിക്കുന്നത് കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നാണ്.
ആഗോള പ്രതിസന്ധിയാണെങ്കിലും മുന്‍കൂട്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്താതിരുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. ഈ പ്രതിസന്ധി അത്ര എളുപ്പത്തില്‍ അവസാനിക്കുന്ന ഒന്നല്ല. ഖനി മേഖലയില്‍ കാര്യങ്ങള്‍ സാധാരണഗതിയിലേക്ക് തിരിച്ചെത്താന്‍ ഇനിയും സമയം വേണ്ടിവരും. അതുകൊണ്ട് തന്നെ സംസ്ഥാനങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകാന്‍ സാധ്യതയുണ്ട്.