കേരളത്തിൽ ആഗസ്തിൽ ലഘു മേഘവിസ്‌ഫോടന സാധ്യതയെന്ന് പഠനം


കോഴിക്കോട്: 2018ലും 2019ലും സംസ്ഥാനത്തുണ്ടായ ലഘു മേഘ വിസ്‌ഫോടനത്തിന്‌ ആഗസ്തിലും സാധ്യതയെന്ന്‌ പഠനം. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്‌മോസ്ഫിയറിക് റഡാർ റിസർച്ച് ഡയറക്ടർ ഡോ. എസ് അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പഠനം നടത്തിയത്‌. പഠന റിപ്പോർട്ട്‌ ശാസ്ത്ര പ്രസിദ്ധീകരണമായ ‘വെതർ ആൻഡ്‌ ക്ലൈമറ്റ് എക്‌സ്ട്രീംസി’ൽ പ്രസിദ്ധീകരിച്ചു. വിവിധ സ്രോതസ്സുകളിൽനിന്ന് ശേഖരിച്ച ഉപഗ്രഹ വിവരാടിസ്ഥാനത്തിൽ 2018ലെയും 19ലെയും ലഘു മേഘ വിസ്‌ഫോടനങ്ങൾ താരതമ്യം ചെയ്താണ്‌ പഠനം.

പ്രളയമുണ്ടായ 2018ലും 19ലും മഴ സമാനമായിരുന്നുവെന്ന്‌ കണ്ടെത്തി. പക്ഷേ, മഴയുടെ വിതാനം വ്യത്യാസപ്പെട്ടതാണ് പ്രളയ കാരണം. 2018ൽ വേനൽ മഴ അധികം ലഭിച്ചു. മെയ് 28 മുതൽ ശക്തമായ കാലവർഷവും. ജൂലൈയിൽ പ്രളയസമാന സാഹചര്യം ഉടലെടുക്കാൻ ഇതിടയാക്കി. 2019 ൽ കാലവർഷം ജൂണിലും ജൂലൈയിലും ദുർബലമായിരുന്നു. ആഗസ്തിൽ ചില ഭാഗങ്ങളിൽ പ്രളയവുമുണ്ടായി. രണ്ട് വർഷങ്ങളിലും ആഗസ്തിലായിരുന്നു പ്രളയം.

ഡോ. പി വിജയകുമാർ, കെ മോഹൻകുമാർ, കുസാറ്റിലെ എ വി ശ്രീനാഥ്, യു എൻ ആതിര, ബി ചക്രപാണി, യുഎസിലെ മിയാമി സർവകലാശാലയിലെ ബ്രയാൻ ഇ മേപ്‌സ്, പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മീറ്റിയറോളജിയിലെ എ കെ ഷായ്, കേന്ദ്ര കാലാവസ്ഥാ വകുപ്പിലെ ടി എൻ നിയാസ്, ഒ പി ശ്രീജിത്ത് എന്നിവരാണ്‌ പഠനസംഘത്തിലെ മറ്റംഗങ്ങൾ.