കേരളത്തില്‍ നടപ്പാക്കേണ്ട നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വകക്ഷി യോഗം
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വകക്ഷി യോഗം ചേരും. സമ്പൂര്‍ണ ലോക്ക്ഡൗണിന് സാധ്യതയില്ലെങ്കിലും, നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കാനാണ് സാധ്യത. തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് രണ്ടിന് പ്രത്യേക നിയന്ത്രണങ്ങള്‍ വേണമോയെന്നും സര്‍വകക്ഷി യോഗം തീരുമാനിക്കും.
സമ്പൂര്‍ണ ലോക്ക്ഡൗണിനോട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിയോജിപ്പുണ്ട്. മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണലാണ് സംസ്ഥാനം നേരിടുന്ന വലിയ പ്രതിസന്ധി. ആഹ്ലാദപ്രകടനങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍വകക്ഷി യോഗം തീരുമാനിച്ചേക്കും. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആഹ്ലാദ പ്രകടനങ്ങള്‍ പരിമിതപ്പെടുത്തണമെന്ന കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ്. മാത്രമല്ല, ഇക്കാര്യത്തില്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയേയും അറിയിച്ചിട്ടുണ്ട്.
രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന വാരാന്ത്യ നിയന്ത്രണങ്ങള്‍ അടുത്ത ആഴ്ചകളിലും തുടരണമെന്ന നിര്‍ദേശവും ഉയര്‍ന്നേക്കും. ആദ്യ കൊവിഡ് കാലത്തിനു ശേഷം തിരിച്ചുവരവിന്റെ പാതയിലുള്ള വ്യാപര, വ്യവസായ മേഖലകള്‍ കൂടുതല്‍ പ്രതിസന്ധിയിലാകുമെന്നതാണ് പ്രധാന കാരണം.