കേരളത്തില്‍ ഇടത് തരംഗം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം. ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും എല്‍ഡിഎഫ് വ്യക്തമായ ആധിപത്യം പുലര്‍ത്തുകയാണ്. മുനിസിപ്പാലിറ്റികളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു മുന്നണികളും നടത്തുന്നത്.
941 ഗ്രാമപഞ്ചായത്തുകളില്‍ 517 എണ്ണത്തിലും എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. യുഡിഎഫിന് 374, എന്‍ഡിഎ, 22, മറ്റുള്ളവര്‍ 28 എന്നിങ്ങനെയാണ് മറ്റു കക്ഷികള്‍. ബ്ലോക്ക് പഞ്ചായത്തില്‍ 152 ല്‍ എല്‍ഡിഎഫ് 107 ഇടത്തും യുഡിഎഫ് 45 ഇടത്തും ലീഡ് ചെയ്യുന്നു. ആകെയുള്ള 14 ജില്ലാ പഞ്ചായത്തുകളില്‍ 10 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുമ്പോള്‍ നാലിടത്ത് മാത്രമാണ് യുഡിഎഫിന് ലീഡ് ചെയ്യാനാവുന്നത്.
മുനിസിപ്പാലിറ്റികളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. ആകെയുള്ള 86 എണ്ണത്തില്‍ 45 ഇടത്ത് യുഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. 35 ഇടത്ത് എല്‍ഡിഎഫും ലീഡ് ചെയ്യുന്നു.
കോര്‍പറേഷനുകളില്‍ മൂന്നിടത്ത് എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. തിരുവനന്തപുരം (43), കൊല്ലം (38), കോഴിക്കോട് (47) എന്നിവിടങ്ങളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. എൽ.എഡി.എഫ് ഏറ്റവും വലിയ കക്ഷിയായ കൊച്ചി കോർപറേഷനിലും എൽ.ഡി.എഫ് ഭരിക്കാനാണ് സാധ്യത. കണ്ണൂര്‍ (27),തൃശ്ശൂർ (23) എന്നിവിടങ്ങളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. തൃശ്ശൂര്‍ കോര്‍പറേഷനില്‍ ഫലം മാറിമറിയാവുന്ന സാഹചര്യമാണുള്ളത്.
തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് ചിത്രത്തിലില്ല എന്നതാണ് ഏറ്റവും വലിയ സവിശേഷത. കഴിഞ്ഞ തവണ 42 സീറ്റുകളില്‍ വിജയിച്ച സിപിഎമ്മിന് നിലവില്‍ 45 സീറ്റുകളില്‍ ലീഡ് ചെയ്യാനാവുന്നുണ്ട്. നേരത്തെ 20 സീറ്റ് നേടിയ കോണ്‍ഗ്രസിന് ഇപ്പോള്‍ ഒമ്പത് സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യാനാവുന്നത്. 27 സീറ്റുകളിലാണ് എന്‍ഡിഎ ഇവിടെ ലീഡ് ചെയ്യുന്നത്. കഴിഞ്ഞ തവണ 35 സീറ്റുകള്‍ എന്‍ഡിഎ നേടിയിരുന്നു.
ഒടുവില്‍ 503 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫും 375 ഇടത്ത് യുഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. 25 പഞ്ചായത്തുകളില്‍ എന്‍ഡിഎയും മുന്നിട്ടു നില്‍ക്കുന്നു.ജില്ലാ പഞ്ചായത്തില്‍ 11 ഇടത്ത് എല്‍ഡിഎഫും 3 ഇടത്ത് യുഡിഎഫുമാണ് മുന്നില്‍ നില്‍ക്കുന്നത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ 110 ഇടത്ത് എല്‍ഡിഎഫും 42 ഇടത്ത് യുഡിഎഫുമാണ് മുന്നിട്ടു നില്‍ക്കുന്നത്. മുന്‍സിപ്പാലിറ്റികളില്‍ 41 ഇടത്ത് യു.ഡിഎഫും 39 ഇടത്ത് എല്‍ഡിഎഫും മുന്നിട്ടു നില്‍ക്കുന്നു. രണ്ടിടത്ത് മാത്രമാണ് എന്‍ഡിഎ സാന്നിധ്യം. നാല് കോര്പറേഷനുകളില്‍ എല്‍.ഡി.എഫും രണ്ടിടത്ത് യുഡിഎഫും മുന്നിലാണ്.