കേരളത്തില്‍ ന്യൂനമര്‍ദം ശക്തമാകും; കോഴിക്കോട് ഉള്‍പ്പെടെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടര്‍ന്നേക്കും. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും.

മറ്റ് ജില്ലകളില്‍ സാധാരണ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഗ്രീന്‍ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. നാളെ അറബിക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദവും രൂപപ്പെട്ടേക്കും. അറബിക്കടലിലെ ചക്രവാതചുഴിയും, കര്‍ണാടകയിലുള്ള ചക്രവാത ചുഴിയും ചേര്‍ന്നാണ് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത്.

ഒക്ടോബര്‍ ഒന്നു മുതല്‍ നവംബര്‍ 14 വരെയുള്ള കാലയളവില്‍ സാധാരണ ലഭിക്കേണ്ടതിനെക്കാള്‍ നൂറുശതമാനം അധികം മഴയാണ് കേരളത്തില്‍ പെയ്തത്. പത്തനംതിട്ടയില്‍ 184 ശതമാനവും ഇടുക്കിയില്‍ 108 ശതമാനവും അധികം മഴ ലഭിച്ചു. ഇടുക്കി, ആനയിറങ്ങല്‍,പൊന്‍മുടി, കുണ്ടള, ലോവര്‍പെരിയാര്‍, മൂഴിയാര്‍ സംഭരണികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കൊല്ലം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴയും വെള്ളക്കെട്ടും തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.