കേരളത്തില്‍ ഡീസല്‍ വിലയും സെഞ്ച്വറിയടിച്ചു; ഇന്ന് വര്‍ധിച്ചത് 38 പൈസ; വരും ദിവസങ്ങളിലും ഇന്ധനവില വര്‍ധിക്കുമെന്ന് വിദഗ്ധര്‍


തിരുവനന്തപുരം: പെട്രോളിന് പിന്നാലെ കേരളത്തില്‍ ഡീസലും സെഞ്ച്വറിയടിച്ചു. ഇന്ന് 38 പൈസ കൂടിയതോടെ ഡീസല്‍വില നൂറ് കടന്ന 12-ാമത്തെ സംസ്ഥാനമായി കേരളം.

തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന അതിര്‍ത്തി പ്രദേശങ്ങളായ പാറശ്ശാല, വെള്ളറട, കാരക്കോണം മേഖലകളിലാണ് ഡീസല്‍വില നൂറ് കടന്നത്. 100 രൂപ 8 പൈസയാണ് ഇവിടെ ഇന്നത്തെ ഡീസല്‍വില. ഇടുക്കിയിലെ പൂപ്പാറയിലും ഡീസല്‍വില നൂറ് കടന്നിട്ടുണ്ട്.

അതേസമയം പെട്രോളിനും ഇന്ന് വില കൂട്ടിയിട്ടുണ്ട്. 30 പൈസയാണ് കൂട്ടിയത്. കോഴിക്കോട് പെട്രോളിന് 104 രൂപ 92 പൈസയും ഡീസലിന് 98 രൂപ 23 പൈസയുമാണ് ഇന്നത്തെ വര്‍ധിച്ച വില.

കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 97.90 രൂപയാണ് വില. ഇവിടെ പെട്രോളിന് 104 രൂപ 35 പൈസയായി. കോഴിക്കോട് പെട്രോള്‍ വില 104.61 രൂപയും ഡീസല്‍ വില 98.20 രൂപയുമാണ്. പത്ത് മാസത്തിനിടെ ഡീസലിന് 19.63 രൂപയാണ് കൂട്ടിയത്. കഴിഞ്ഞ 16 ദിവസത്തില്‍ ഡീസലിന് 3.85 രൂപ കൂട്ടി. നാല് മാസം മുമ്പാണ് കേരളത്തില്‍ പെട്രോള്‍ വില 100 കടന്നത്.

വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഇന്ധനവില രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലാണ്. ശ്രീഗംഗാനഗറില്‍ പെട്രോളിന് 116.06 രൂപയും ഡീസല്‍ 106.77 രൂപയുമാണ് വില.

കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്ന സമയത്ത് എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വില വര്‍ധന തുടങ്ങുകയും ചെയ്തു. അതേസമയം, രാജ്യത്തെ പെട്രോള്‍ വില കുറയാതിരിക്കാന്‍ കാരണം, സംസ്ഥാനങ്ങള്‍ ഇന്ധനവില ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ സമ്മതിക്കാത്തതാണെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ വാദം. പശ്ചിമബംഗാളില്‍ പെട്രോള്‍ വില 100 കടന്നതിന്റെ കാരണം തൃണമൂല്‍ സര്‍ക്കാര്‍ ഉയര്‍ന്ന നികുതി ഈടാക്കുന്നതാണെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തി.