കേരളത്തില്‍ 35 സീറ്റ് കിട്ടുമെന്നും ഭരണം പിടിക്കുമെന്നും പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍
കോഴിക്കോട്: കേരളത്തില്‍ 35 സീറ്റ് കിട്ടുമെന്നും ഭരണം പിടിക്കുമെന്നും താന്‍ പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.
35 സീറ്റുവരെ കിട്ടുമെന്നാണ് താന്‍ പറഞ്ഞത്. ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായാണ് ഇത് പറഞ്ഞത്. ഏത് രീതിയിലും ബി.ജെ.പി ഭരണം പിടിക്കുമെന്ന രീതിയില്‍ ഇതിനെ ഇടതുപക്ഷം പ്രചരിപ്പിച്ചുവെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടില്ല. ആകെ ഒന്നോ രണ്ടോ നേതാക്കള്‍ മാത്രമാണ് കോണ്‍ഗ്രസ് വിട്ടത്. ഇത് കോണ്‍ഗ്രസിനെ ബാധിക്കില്ല. ബി.ജെ.പിക്ക് കോണ്‍ഗ്രസ് നേതാക്കളെ കാത്തിരിക്കേണ്ട ആവശ്യമില്ല. അത്തരം രാഷ്ട്രീയനീക്കങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ ബി.ജെ.പിയുടെ അടിത്തട്ട് ഉറപ്പിക്കും. മണ്ഡലം കമ്മിറ്റികള്‍ വിഭജിക്കും. ഇതുവഴി 5000 പുതിയ പ്രവര്‍ത്തകര്‍ നേതൃനിരയിലെത്തും. ചുമതലയില്ലാത്ത ഒരു പ്രവര്‍ത്തകനും ഇനി ബി.ജെ.പിയിലുണ്ടാകില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു.