സംസ്ഥാനത്തെ മികച്ച സ്കൂൾ പിടിഎ ക്കുള്ള പുരസ്കാരം പയ്യോളി ഹയർ സെക്കന്ററി സ്കൂളിന്


പയ്യോളി: കേരളത്തിലെ ഏറ്റവും മികച്ച പി.ടി.എ ആയി പയ്യോളി ഹയർ സെക്കന്ററി സ്കൂൾ പി.ടി.എ തെരഞ്ഞെടുക്കപ്പെട്ടു. 2019-2020 അദ്ധ്യയന വർഷത്തിൽ പി.ടി.എ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളാണ് പുരസ്കാരത്തിന് അർഹമാക്കിയത്. അഞ്ച് ലക്ഷം രൂപയും സി.എച്ച്.മുഹമ്മദ് കോയ എവർറോളിംഗ്‌ ട്രോഫിയും പ്രശസ്തിപത്രവുമാണ് പുരസ്കാരമായി ലഭിക്കുക.

കേരള സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്ജത്തിൻ്റെ ഭാഗമായുള്ള ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ജനകീയ പങ്കാളിത്തത്തോടെ ഫണ്ട് സമാഹരണം നടത്തി സ്കൂൾ വികസനത്തിനായി ശക്തമായ ഇടപെടലുകളാണ് പി.ടി.എ നേതൃത്വത്തിൽ നടത്തിയത്.

സ്കൂളിലെ 26 ഭിന്നശേഷിക്കാരായ വിദ്യർത്ഥികളെയും അവരുടെ അമ്മമാരെയും കൊണ്ട് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ആകാശയാത്ര നടത്തുകയുണ്ടായി. കൂടാതെ കേരള ഗവർണർ, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി, കൃഷിമന്ത്രി, പ്രതിപക്ഷ നേതാവ് ,മജീഷ്യൻ മുതുകാട് എന്നിവരുമായി ഭിന്നശേഷി വിദ്യാർത്ഥികൾ സംവദിക്കാൻ അവസരമൊരുക്കി.

എസ്എസ്എൽസി വിദ്യാർത്ഥികളുടെ റിസൾട്ട്മെച്ചപ്പെടുത്താൻ ‘കൂടെ 2020’ എന്ന പദ്ധതിയിലൂടെ പഠനത്തിന് പിന്നോക്കം നിൽക്കുന്ന കൂട്ടികളുടെ റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ഓൺലൈൻ പoനത്തിനായി 70 ടി.വി യും, അഞ്ച് മൊബൈൽ ഫോണുകളും സ്പോൺസർഷിപ്പിലൂടെ കണ്ടെത്തി അർഹരായ വിദ്യാർത്ഥികൾക്ക് നൽകി. സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ പ്രണവിൻ്റെ വീട് നിർമ്മാണം ഏറ്റെടുത്തു തുടങ്ങിയ സാമൂഹ്യ ഇടപെടലുകളാണ് ഏറ്റവും മികച്ച പി.ടി.എ ആയി പയ്യോളി ഹയർ സെക്കണ്ടറിയെ തെരഞ്ഞെടുത്തത്.

സാമൂഹ്യ പ്രവർത്തകനായ ബിജു കളത്തിലാണ് പി.ടി.എ പ്രസിഡണ്ട്. വൈസ് പ്രസിഡണ്ട് സൂരജ്.ഇ.ബി, പ്രിൻസിപ്പൽ കെ.പ്രദീപ്, എച്ച്.എം ബിനോയ് കുമാർ.കെ.എൻ, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ റോസ എന്നിവരുടെ നേതൃത്വത്തിലുള്ള 21 അംഗ പി.ടി.എ കമ്മറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പി.ടി.എ എക്സിക്യുട്ടീവിൻ്റെ കൂട്ടായ പ്രവർത്തനമാണ് മികച്ച അംഗീകാരം ഈ സ്കൂളിന് നേടിതന്നതെന്ന് പി.ടി.എ പ്രസിഡണ്ട് ബിജു കളത്തിൽ പറഞ്ഞു.