കേരളം പണം കൊടുത്തു വാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സിന് സംസ്ഥാനത്തെത്തി; ഉടൻ വിതരണം ചെയ്യുമെന്ന് സർക്കാർ

എറണാകുളം: സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കോവിഡ് വാക്സിന് കേരളത്തിലെത്തി. പൂനെയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് വാക്സിന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. സംസ്ഥാന സര്‍ക്കാര്‍ എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് തന്നെയാണ് വാക്സിന് വിലകൊടുത്ത് വാങ്ങിയതെന്ന് നിയുക്ത കളമശേരി എംഎല്‍എ പി രാജീവ് പറഞ്ഞു.

ആദ്യഘട്ടത്തില്‍ തന്നെ ഇത്ര പെട്ടെന്ന് വാക്സിന് എത്തിക്കാന്‍ കഴിഞ്ഞത് സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു എന്നതുകൊണ്ടാണെന്നും പി രാജീവ് പറഞ്ഞു. ഒരു കോടി ഡോസ് വാക്സിന് കമ്പനികളില്‍ നിന്ന് വില കൊടുത്ത് വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 75 ലക്ഷം ലക്ഷം കൊവിഷീല്‍ഡും 25 ലക്ഷം കൊവാക്സീന് ഡോസുമാണ് കേരളം വിലകൊടുത്ത് വാങ്ങുന്നത്.
18 വയസ് മുതല്‍ 45 വയസ് വരെയുള്ളവര്‍ക്ക് സൗജന്യ വാക്സിന് നല്‍കില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍ ഈ വിഭാഗത്തിലുള്ളവര്‍ക്കും സൗജന്യ വാക്സിന് ലഭ്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇന്നെത്തിയ വാക്സിന് പുറമെ കൂടുതല്‍ വാക്സിന് ഉടന്‍ എത്തും.

വാക്സിന് കുറവ് കാരണം പ്രതീക്ഷിച്ച രീതിയില്‍ വാക്സിനേഷന് സംസ്ഥാനത്തിന് കഴിഞ്ഞിരുന്നില്ല. ഇതിന് ഒരു പരിധിവരെ വരും ദിവസങ്ങളില്‍ പരിഹാരമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 18നും 45 വയസിനും ഇടയിലുള്ളവരുടെ വാക്സിന് രജിസ്ട്രേഷന് നേരത്തെ ആരംഭിച്ചിരുന്നു. ഇവര്‍ക്കുള്ള വാക്സിന് വിതരണത്തിലേക്കും സംസ്ഥാനം ഉടന്‍ കടന്നേക്കും. എന്നാല്‍ ആദ്യഘട്ടത്തില്‍ രോഗാവസ്ഥയിലുള്ളവര്ക്ക് തന്നെയാകും മുഖ്യ പരിഗണന നല്‍കുക.