കേരള ചരിത്രത്തിലാദ്യമായി മൂന്ന് വനിതകള്‍ മന്ത്രിപദത്തിലേക്ക്; മാറ്റത്തിന് വഴിയൊരുക്കാനെന്നും ഇടതുപക്ഷം
തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു മന്ത്രിസഭയില്‍ 3 വനിതകള്‍. രണ്ടാം പിണറായി സര്‍ക്കാറിന്റെ ഏറ്റവും വലിയ പ്രത്യേകതയാണിത്. സിപിഐക്കാകട്ടെ 57 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യ വനിതാമന്ത്രി വരുന്നത്.
കെ കെ ശൈലജയ്ക്ക് മന്ത്രിസഭയിലിടമില്ലെന്ന തീരുമാനത്തിന്റെ ബഹളം കെട്ടടങ്ങിയിട്ടില്ല. പിമൂന്ന് വനിതകളുടെ മന്ത്രിസ്ഥാനം കേരളം ആകാംക്ഷയോടെയാണ് വരവേറ്റത്. ഏറ്റവും വലിയ വെല്ലുവിളി വീണാ ജോര്‍ജിന് മുന്നിലാണ് എന്നതില്‍ സംശയമില്ല. കൈവെച്ച മേഖലകളിലെല്ലാം പ്രാഗത്ഭ്യം തെളിയിച്ച ട്രാക്ക് റെക്കോര്‍ഡാണ് വീണാജോര്‍ജിന്റെ കരുത്ത്. ഒരേ മുന്നണിയില്‍ നിന്ന് ആരോഗ്യമന്ത്രിസ്ഥാനത്ത് വനിതാമന്ത്രിയുടെ തുടര്‍ച്ചയെന്ന അപൂര്‍വതയും ഒപ്പം.
ഉന്നതവിദ്യാഭ്യാസ മേഖലയെന്ന കൈപൊള്ളുന്ന വകുപ്പും ഒരു സ്ത്രീയുടെ കൈകളിലാണ്. തൃശ്ശൂരിലെ ആദ്യ വനിതാ മേയറായിരുന്ന ആര്‍ ബിന്ദു ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്തേക്ക് എത്തുന്നു. നിയമനങ്ങളില്‍ അടിക്കടിയുണ്ടാകുന്ന വിവാദങ്ങളും ചരടുവലികളും വ്യവഹാരങ്ങളും കൊണ്ട് കുരുക്ക് നിറഞ്ഞ വകുപ്പിനെ നയിക്കല്‍ വെല്ലുവിളിയാണ് അവര്‍ക്ക്.
ഗ്രാമ പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ ഭരണ മേഖലകളില്‍ കരുത്തു തെളിയിച്ചാണ് ചടയമംലലത്തു നിന്ന് ചിഞ്ചുറാണിയെത്തുന്നത്. ഗൗരിയമ്മയെന്ന വന്മരത്തിന് ശേഷം സിപിഐയുടെ വനിതാ മന്ത്രി. 1964-ന് ശേഷം 57 വര്‍ഷങ്ങളും കടന്ന്. ഏറ്റെടുക്കുന്ന വകുപ്പാകട്ടെ ക്ഷീര വികസനവും മൃഗസംരക്ഷണവും.
മൂന്ന് വനിതകളും രാഷ്ട്രീയ രംഗത്തും സ്ത്രീശാക്തീകരണ മേഖലകളിലും കഴിവു തെളിയിച്ചവര്‍. ചരിത്രമെന്ന് വിശേപ്പിക്കുമ്പോഴും വനിതാ പ്രാതിനിധ്യം ഇപ്പോഴും ഏഴിലൊന്ന് മാത്രമേ ആകുന്നുള്ളൂ. കേരളത്തിന്റെ നല്ല മാറ്റത്തിനുള്ള തുടക്കമാകാന്‍ പ്രത്യാശിക്കാം.