കേന്ദ്ര സർക്കാരിന്റെ വാക്സിൻ കൊള്ളയ്ക്കെതിരെ 28 ന് വീട്ടുമുറ്റ പ്രതിഷേധവുമായി സിപിഎം


കോഴിക്കോട്‌: സൗജന്യവും സാർവത്രികവുമായി ജനങ്ങൾക്ക് വാക്സിൻ നൽകുകയെന്ന നയത്തിൽനിന്ന്‌ പിന്മാറി കോർപറേറ്റുകൾക്ക് വില നിർണയാധികാരം നൽകുകയും വാക്സിനേഷൻ ചെലവ് സംസ്ഥാനങ്ങളുടെ മേൽ അടിച്ചേല്പിക്കുകയും ചെയ്യുന്ന കേന്ദ്ര നയത്തിനെതിരെ ഏപ്രിൽ 28ന് വീട്ടുമുറ്റങ്ങളിൽ നടക്കുന്ന പ്രതിഷേധത്തിൽ എല്ലാ വിഭാഗം ജനങ്ങളും അണിചേരണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അഭ്യർഥിച്ചു.

സൗജന്യവും സാർവത്രികവുമായ വാക്സിൻ ജനങ്ങളുടെ അവകാശമാണെന്നും അതു നൽകാൻ സർക്കാരിന് ഭരണഘടനാ ബാധ്യതയുണ്ടെന്നും ഓർമപ്പെടുത്തി നടക്കുന്ന സായാഹ്ന പ്രതിഷേധത്തിൽ എല്ലാ കുടുംബങ്ങളും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ അണിചേരണം. കോർപറേറ്റുകളുടെ കൊടും കൊള്ളക്ക് സൗകര്യമൊരുക്കുന്ന നവ ലിബറൽ നയങ്ങൾക്കെതിരായ കേരളത്തിന്റെ ജനരോഷം പ്രകടിപ്പിക്കാനുള്ള അവസരമാക്കി പ്രതിഷേധത്തെ മാറ്റണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ പറഞ്ഞു.

സെറം ഇൻസ്റ്റിറ്യൂട്ടിന് പുറമെ ഇപ്പോൾ ഭാരത് ബയോടെക്കും വാക്സിൻ വില പ്രഖ്യാപിച്ചിരിക്കുകയാണ്. മഹാമാരിയുടെ തീവ്ര വ്യാപന സാഹചര്യത്തെ അവസരമാക്കി വൻ കൊള്ളക്കാണ് കമ്പനികൾക്ക് മോഡി സർക്കാർ സൗകര്യമൊരുക്കിക്കൊടുത്തത്. 150 രൂപക്ക് ലാഭകരമായി കേന്ദ്ര സർക്കാരിന് നൽകാമെന്നുംമാർക്കറ്റിൽ എത്തിക്കാമെന്നും നേരത്തെ സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അഡാർ പൂനവാല സമ്മതിച്ച വാക്സിനാണിപ്പോൾ 400 ഉം 600ഉം രൂപയാക്കി വില തീരുമാനിച്ചത്. മഹാമാരി സൃഷ്ടിച്ച ജനങ്ങളുടെയും സംസ്ഥാനങ്ങളുടെയും വരുമാനമില്ലായ്മയെയും സാമ്പത്തിക പ്രതിസന്ധിയെയും കണക്കിലെടുക്കാതെ കോർപറേറ്റ് കൊള്ളക്കുവേണ്ടി വാദിക്കുകയാണ് കേന്ദ്രസർക്കാരും ബിജെപി നേതാക്കളും.

പ്രാണവായു കിട്ടാതെ ശ്വാസംമുട്ടി ജനങ്ങൾ മരിക്കുന്ന അവസ്ഥയിലേക്ക് ഇന്ത്യയെ എത്തിച്ചത് കേന്ദ്രത്തിന്റെ കോർപറേറ്റ് അനുകൂല നയങ്ങളാണ്. ആരോഗ്യ മേഖലയെ സ്വകാര്യ കുത്തകകൾക്കും വിപണി താൽപ്പര്യങ്ങൾക്കും വിട്ടുകൊടുക്കുന്ന നയങ്ങൾ തിരുത്താതെ രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കാനാവില്ല. പ്രതിസന്ധിയെ അതിജീവിക്കാനും എല്ലാവർക്കും വാക്സിൻ എത്തിക്കാനുമുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളോടൊപ്പം നിൽക്കണമെന്നും മലയാളികൾ സ്വയം ഏറ്റെടുത്ത വാക്സിൻ ചലഞ്ച് വിജയിപ്പിക്കണമെന്നും ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.