‘കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത്’; രാജ്യദ്രോഹ നിയമം സുപ്രീം കോടതി അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചു


ന്യൂഡല്‍ഹി: രാജ്യദ്രോഹ നിയമം സുപ്രീം കോടതി അനിശ്ചിതകാലത്തേക്ക് മരവിപ്പിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് പുനഃപരിശോധിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാറിന് അനുമതി നല്‍കി.

പുനഃപരിശോധന പൂര്‍ത്തിയാവുന്നത് വരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യുന്നത് അനുചിതമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കേസുകള്‍ രജിസ്റ്റര്‍ ചെയ്താല്‍ കുറ്റാരോപിതര്‍ക്ക് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

ജയിലിലുള്ളവര്‍ക്ക് ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. നിലവില്‍ രാജ്യദ്രോഹക്കേസുകളില്‍ പെട്ട് 13,000 പേര്‍ ജയിലുകളിലുണ്ട് എന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ഐ.പി.സി 124 എ വകുപ്പ് കേന്ദ്രം പുനഃപരിശോധിക്കുന്നതുവരെ ഈ വകുപ്പും രാജ്യദ്രോഹം ചുമത്തിയ കേസുകളിലെ നടപടികളും മരവിപ്പിച്ചു കൂടെയെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. എന്നാല്‍ രാജ്യദ്രോഹ കേസുകള്‍ മരവിപ്പിക്കാനാവില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തത്.

രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ തീരുമാനം എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരേ എടുക്കാന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശിക്കാമെന്നും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന്റെ മേല്‍നോട്ടം പ്രത്യേക സമിതിക്ക് വിടാമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

രാജ്യദ്രോഹം ചുമത്തിയ ഇരുപതോളം കേസുകളാണ് കേരളത്തിലുള്ളത്. ഏറെയും മാവോയിസ്റ്റുകള്‍ക്കും വന്‍ കള്ളനോട്ടടിക്കാര്‍ക്കും എതിരെയാണ്. നിരവധി കേസുകളില്‍ പൊലീസ് ചുമത്തിയ രാജ്യദ്രോഹക്കുറ്റം ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരേ മൂന്നു കേസുകളില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.