കൈത്താങ്ങിനൊരു സമ്മാനം; അപകടത്തില്‍ പെടുന്നവരെ ആശുപത്രിയിലെത്തിച്ചാല്‍ പാരിതോഷികം; പുതിയ പദ്ധതിയുമായി കോഴിക്കോട്


കോഴിക്കോട്: നഗരത്തില്‍ അപകടത്തില്‍പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് ഇനി മുതല്‍ പോലീസിന്റെ പാരിതോക്ഷികവും. ലയണ്‍സ് ക്ലബിന്റെ സഹകരണത്തോടെ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസാണ് ‘ഗുഡ് സമരിറ്റന്‍സ് അവാര്‍ഡ്’ പദ്ധതിക്ക് തുടക്കമിട്ടത്. അപകത്തില്‍പ്പെടുന്നവരുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ച ശേഷം ഫോട്ടോയെടുത്ത് ആശുപത്രിയുടെ പേരിനൊപ്പം 8590965259 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പില്‍ അയച്ചാല്‍ 500 രൂപ ലഭിക്കും.

ആദ്യ ഘട്ടത്തില്‍ കോഴിക്കോട് നഗരത്തില്‍ മാത്രമാണ് പദ്ധതി നടപ്പിലാക്കുന്നത്‌. വിജയകരമായാല്‍ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി നടപ്പിലാക്കുന്നത്.

പലപ്പോഴും നിയമകുരുക്കള്‍ പേടിച്ച് പലരും അപകടത്തില്‍പ്പെട്ടവരെ പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തിക്കാന്‍ മടി കാണിക്കാറുണ്ട്. ഈ സാഹചര്യം ഒഴിവാക്കാനാണ് ഇത്തരമൊരു പദ്ധതിയുമായി സിറ്റി പോലീസ് രംഗത്ത് വന്നിരിക്കുന്നത്.

പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കെതിരെ മറ്റ് നിയമനടപടികളൊന്നും ഉണ്ടാവില്ലെന്നും പദ്ധതി വഴി കൂടുതല്‍ ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ രാജ്പാല്‍ മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.