കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് റെന്‍സ് ഫെഡ്
പേരാമ്പ്ര: സംസ്ഥാനത്ത് നിര്‍മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നത് കെട്ടിട നിര്‍മാണത്തേയും റോഡ് നിര്‍മാണത്തേയും പ്രതിസന്ധിയിലാക്കുന്നു. അനിയന്ത്രിത വിലക്കയറ്റം മൂലം ലൈസെന്‍സികളും തൊഴിലാളികളും ബുദ്ധിമുട്ടിലാണ്. അതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന്‌റെന്‍സ് ഫെഡ് പേരാമ്പ്ര യൂണിറ്റ് കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വില വര്‍ധന പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തെയും പ്രതികൂലമായി ബാധിക്കും. സിമന്റ്, കമ്പി, മെറ്റല്‍,കരിങ്കല്ല്, ചെങ്കല്ല് എന്നിങ്ങനെ കെട്ടിട നിര്‍മ്മാണത്തിന് വേണ്ട സാമഗ്രികളുടെ വിലയാണ് കുതിച്ചുയരുന്നത്. അനിയന്ത്രിത വിലക്കയറ്റം മൂലം നിര്‍മ്മാണ മേഖല ഇപ്പോള്‍ സ്ഥംഭനാവസ്ഥയിലാണ്. കുത്തക കമ്പനികളുടെ കൃത്രിമമായ തീരുമാനമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് ഇടയായിട്ടുള്ളത്. ഈ രംഗത്ത് പ്രവൃത്തി ചെയ്യുന്ന ആയിരക്കണക്കിന് ലൈസെന്‍സികളും തൊഴിലാളികുമാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നതെന്നും പ്രമേയത്തില്‍ പറയുന്നു.
റെന്‍സ് ഫെഡ് കൊയിലാണ്ടി താലൂക്ക് പ്രസിഡന്റ് വി.സി നാരായണന്‍ നമ്പ്യാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര യൂണിറ്റ് പ്രസിഡന്റ് സി.എം. ശ്രീനിവാസന്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി കെ.കെ ജംഷീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷാജി കെ.കെ, ശ്രീധരന്‍.എം, ഷിബിന്‍ കെ.പി, ആസിഫ്. ടി, ഫസല്‍, അഖില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ജംഷീര്‍ കെ.കെ സ്വാഗതവും കെ.കെ ഷാജി നന്ദിയും രേഖപ്പെടുത്തി.