കെടി ജലീലിന് തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹെെക്കോടതി


എറണാകുളം: ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെ ടി ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ലോകായുക്ത ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്. എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്താ ഉത്തരവെന്നും അതില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി. ലോകായുക്തയുടെ ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങളില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചത് എന്നായിരുന്നു ജലീലിന്റെ വാദം. ഹര്‍ജിയില്‍ പ്രാഥമിക വാദം ഹൈക്കോടതിയില്‍ നടക്കവേ ഇക്കഴിഞ്ഞ 13-ാം തീയതി മന്ത്രി സ്ഥാനത്ത് നിന്നും കെ ടി ജലീല്‍ രാജി വച്ചിരുന്നു. ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവിറക്കിയതെന്നായിരുന്നു സര്‍ക്കാരിന്റെയും നിലപാട്. ബന്ധുനിയമനത്തിലൂടെ ജലീല്‍ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവും നടത്തിയെന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍.

തനിക്കെതിരായ പരാതിയില്‍ പ്രാഥമികാന്വേഷണമോ അന്തിമ പരിശോധയോ ഉണ്ടായില്ല. ചട്ടങ്ങള്‍ക്ക് പുറത്തുനിന്നാണ് ലോകായുക്ത നടപടികള്‍ സ്വീകരിച്ചതും ഉത്തരവിറക്കിയതും. ഈ സാഹചര്യത്തില്‍ ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് ജലീലിന്റെ ആവശ്യം. ജലീലിന്റെ ആവശ്യത്തെ സര്‍ക്കാരും പിന്തുണച്ചിരുന്നു. മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്ന ലോകായുക്തയുടെ ഉത്തരവിനെതിരെയാണ് ജലീല്‍ ഹര്‍ജി നല്‍കിയതെങ്കിലും 13ന് ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെയാണ് ജലീല്‍ രാജിവച്ചത്.

ബന്ധുനിയമന വിഷയത്തില്‍ ജലീല്‍ അധികാരദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. എന്നാല്‍, ലോകായുക്തയുടെ നടപടികള്‍ ചട്ടവിരുദ്ധവും വഴിവിട്ടതുമാണെന്നാണ് ജലീലിന്റെ വാദം. ബന്ധുനിയമനത്തിലെ കെടി ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കില്ലെന്ന് മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു.

ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് എജി വ്യക്തമാക്കിയത്. ലോകായുക്ത ആക്ട് സെക്ഷന്‍ 9 പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തില്‍ എജി പറയുന്നു. പരാതി ലഭിച്ചാല്‍ എതിര്‍കക്ഷിക്ക് അന്വേഷണത്തിന് മുമ്പ് പരാതിയുടെ പകര്‍പ്പ് ലഭിക്കണമെന്നാണ് ഈ ചട്ടത്തില്‍ പറയുന്നത്. എന്നാല്‍ ജലീലിന് പകര്‍പ്പ് നല്‍കിയത് അന്തിമ ഉത്തരവിനൊപ്പമാണന്നും ഇത് നിലനില്‍ക്കില്ലെന്നും എജി നിയമോപദേശത്തില്‍ വ്യക്തമാക്കി. ഇത് പ്രകാരം എതിര്‍കക്ഷിക്കും സര്‍ക്കാരിനും ഹൈക്കോടതിയെ സമീപിക്കാമെന്നായിരുന്നു നിയമോപദേശം.