കെകെ ശൈലജ ഒഴികെ ബാക്കിയെല്ലാം പുതുമുഖങ്ങള്‍; ഇടതുമുന്നണി യോഗത്തില്‍ കേക്ക് മുറിച്ച് മുഖ്യമന്ത്രി, മന്ത്രിസ്ഥാനം സംബന്ധിച്ച വിഷയത്തില്‍ തീരുമാനമായി
തിരുവനന്തപുരം: മന്ത്രിസഭയ്ക്ക് പുതിയ മുഖം നല്‍കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഒഴികെ സിപിഐഎമ്മിലെ എല്ലാവരും പുതുമുഖങ്ങളായിരിക്കും. കെകെ ശൈലജയെ ഒഴിവാക്കി മുന്നോട്ട് പോകേണ്ടതില്ലെന്ന പിബി വിലയിരുത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം.
സിപിഐഎം സെക്രട്ടേറിയേറ്റില്‍ നിന്ന് എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നിവരുണ്ടാകും. മുഹമ്മദ് റിയാസും വി ശിവന്‍ കുട്ടിയും എം ബി രാജേഷും കാനത്തില്‍ ജമീലയും പരിഗണനയിലുണ്ട്. വീണാ ജോര്‍ജ്, സജി ചെറിയാന്‍, വി എന്‍ വാസവന്‍, പി നന്ദകുമാര്‍ എന്നിവരും പട്ടികയില്‍ ഇടം നേടി.
ആദ്യ ടേമില്‍ മന്ത്രി സ്ഥാനം ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും ലഭിക്കും. രണ്ടാം ടേമില്‍ കടന്നപ്പള്ളി രാമചന്ദ്രനും ഗണേഷ് കുമാറും ഉണ്ടാകും. ചീഫ് വിപ്പ് പദവി കേരളാ കോണ്‍ഗ്രസ് എമ്മിനും നല്‍കാന്‍ ധാരണ. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പുതിയ മന്ത്രിസഭയില്‍ 21 മന്ത്രിമാര്‍ ഉണ്ടാകുമെന്നും മന്ത്രിമാരുടെ വകുപ്പുകള്‍ മുഖ്യമന്ത്രി തീരുമാനിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. എല്ലാ ജനവിഭാഗങ്ങളുടേയും പിന്തുണയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തിയത്. അതിനാല്‍ എല്ലാ ജനവിഭാഗങ്ങളുടേയും പ്രാതിനിധ്യം ഉറപ്പിക്കുന്ന സര്‍ക്കാരാണ് രൂപീകരിക്കുക.
സിപിഐ എമ്മിന് 12 , സിപിഐക്ക് 4 , കേരള കോണ്‍ഗ്രസ് എം 1. ജനതാദള്‍ എസ് 1. എന്‍സിപി 1, എന്നിങ്ങനെയും രണ്ട് സ്ഥാനങ്ങളില്‍ ഘടകകക്ഷികള്‍ രണ്ടരവര്‍ഷം വീതം മന്ത്രിസ്ഥാനം പങ്കിടുകയുമാണ് ചെയ്യുക. ജനാധിപത്യ കേരള കോണ്‍ഗ്രസും ഐഎന്‍എലും ആദ്യ ഘട്ടത്തിലും തുടര്‍ന്ന് കേരള കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ് എന്നിങ്ങനെയും മന്ത്രിസ്ഥാനം പങ്കിടും.
സ്പീക്കര്‍ സ്ഥാനം സിപിഐ എമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സിപിഐക്കുമാണ്. ചീഫ് വിപ്പ് കേരള കോണ്‍ഗ്രസ് എമ്മിനാണ്. സത്യപ്രതിജ്ഞ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കി 20 ന് സംഘടിപ്പിക്കും. 18 ന് വൈകിട്ട് പാര്‍ലമെന്റി പാര്‍ടിയോഗം ചേര്‍ന്ന് പുതിയ എല്‍ഡിഎഫ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കും. തുടര്‍ന്ന് സത്യപ്രതിജ്ഞക്കുള്ള ഔദ്യോഗിക കാര്യങ്ങള്‍ ഗവര്‍ണറുമായി സംസാരിക്കുമെന്നും വിജയരാഘവന്‍ അറിയിച്ചു.