കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലേക്ക്; പി.ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടമായത് ശക്തമായ പരിസ്ഥിതി നിലപാടെടുത്ത നേതാവിനെ


കൊച്ചി: കോണ്‍ഗ്രസ് നേതാവും തൃക്കാക്കര മണ്ഡലത്തിലെ എംഎല്‍എയുമായ പി ടി തോമസിന്റെ വിയോഗത്തിലൂടെ നഷ്ടമായത്
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ള നേതാവിനെയാണ്. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഒരു മാസത്തിലേറെയായി വെല്ലൂര്‍ സിഎംസി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു പി ടി തോമസ്. ഇന്ന് രാവിലെയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

ഇടുക്കി ജില്ലയിലെ രാജമുടിയിലെ ഉപ്പുതോട് പുതിയപറമ്പില്‍ തോമസിന്റെയും അന്നമ്മയുടെയും മകനായി 1950 ഡിസംബര്‍ 12നായിരുന്നു പി ടി തോമസിന്റെ ജനനം. തൊടുപുഴ ന്യൂമാന്‍ കോളജ്, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്, എറണാകുളം മഹാരാജാസ് കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ കെഎസ്‌യുവിലൂടെയാണ് പി.ടി.തോമസ് രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചത്. കെഎസ്യു യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1980-ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ തോമസ് 1980 മുതല്‍ കെ.പി.സി.സി, എ.ഐ.സി.സി അംഗമാണ്. 1990-ല്‍ ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗമായി.

കെപിസിസി നിര്‍വാഹക സമിതി അംഗം, എഐസിസി അംഗം, യുവജനക്ഷേമ ദേശീയ സമിതി ഡയറക്ടര്‍, കെഎസ്യു മുഖപത്രം കലാശാലയുടെ എഡിറ്റര്‍, ചെപ്പ് മാസികയുടെ എഡിറ്റര്‍, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതിയുടെ സംസ്ഥാന ചെയര്‍മാന്‍, കേരള ഗ്രന്ഥശാലാ സംഘം എക്സിക്യൂട്ടീവ് അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

1991, 2001 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍നിന്നും 2016 ലും 2021 ലും തൃക്കാക്കരയില്‍നിന്നും ജയിച്ചു. 2009 ല്‍ ഇടുക്കി ലോക്‌സഭാ മണ്ഡലത്തില്‍നിന്നു ജയിച്ച് എംപിയായി. 1996, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ പി.ജെ.ജോസഫിനോട് പരാജയപ്പെട്ടു.

ശക്തമായ പരിസ്ഥിതി നിലപാടെടുത്ത നേതാവാണ് പി.ടി തോമസ്. മാധവ് ഗാഡ് ഗില്‍ റിപോര്‍ട്ട് നടപ്പാക്കണമെന്ന തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിര്‍പ്പുയര്‍ന്നപ്പോഴും അദ്ദേഹം അതില്‍ ഉറച്ചു നിന്നിരുന്നു. കിറ്റെക്‌സ് കമ്പനിയുടെ പ്രവര്‍ത്തനം കടമ്പ്രയാര്‍ മലിനപ്പെടുത്തിയെന്ന തോമസിന്റെ ആരോപണവും തുടര്‍ന്നുണ്ടായ വിവാദങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ‘എഡിബിയും പ്രത്യയശാസ്ത്രങ്ങളും’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്.