കെ സുരേന്ദ്രന്റെ വാദങ്ങള്‍ തള്ളി കേന്ദ്ര സംഘം; കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ചത്


തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംതൃപ്തി രേഖപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ സംഘം. കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനം മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചത്. സംസ്ഥാനത്തിന്റെ സമയബന്ധിതമായ ഇടപെടലുകളാണ് കൊവിഡ് വ്യാപനം തടയാന്‍ സഹായിച്ചതെന്നും ഇത് കേരളത്തിന്റെ വിജയമാണെന്നും കേന്ദ്ര സംഘം പറഞ്ഞു. ഫീല്‍ഡ് തലത്തിലും ഔദ്യോഗിക തലത്തിലുമുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്നും കേന്ദ്രസംഘം അറിയിച്ചു. ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് സംഘം ഇക്കാര്യം വ്യക്തമാക്കിയത്.

സംസ്ഥാനം മികച്ച കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കൊവിഡ് മഹാമാരിയുടെ ‘പീക്ക് സ്ലോ ഡൗണ്‍’ ചെയ്യാന്‍ കഴിഞ്ഞതാണ് കേരളത്തിന്റെ വിജയമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രതിരോധത്തില്‍ കേരളം ശാസ്ത്രീയമായ മാര്‍ഗമാണ് സ്വീകരിച്ചത്. ബ്രേക്ക് ദ ചെയിനും റിവേഴ്‌സ് ക്വാറന്റൈനും ഫലപ്രദമായി നടപ്പിലാക്കിയതിലൂടെ കൊവിഡ് രോഗികളുടെ എണ്ണവും അതുവഴി രോഗികളുടെ മരണ നിരക്കും മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് വളരെയധികം കുറയ്ക്കാനായി. പ്രതിദിനം 20,000 രോഗികളുണ്ടാകുമെന്നായിരുന്നു വിലയിരുത്തിയത്. എന്നാല്‍ ആ ഘട്ടങ്ങളിലെല്ലാം 10,000നകം രോഗികളാക്കി പിടിച്ചു നിര്‍ത്താന്‍ കേരളത്തിന് സാധിച്ചു. ഐസിയുകളില്‍ 50 ശതമാനവും വെന്റിലേറ്ററുകളില്‍ 15 ശതമാനവും മാത്രമാണ് രോഗികളുള്ളത്. കൊവിഡിനെതിരെ കേരളം നല്ല പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്നും ഇക്കാര്യം കേന്ദ്ര സംഘത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ടെസ്റ്റ്, വാസ്‌കിനേഷന്‍ എന്നിവയുടെയെല്ലാം കാര്യത്തില്‍ നല്ല രീതിയിലുള്ള ചര്‍ച്ചയാണ് നടന്നത്. പക്ഷിപ്പനിയിലും കൊവിഡിലും കേരളം എടുത്ത മുന്‍കൈയ്യും അവര്‍ സൂചിപ്പിക്കുകയുണ്ടായെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

പക്ഷിപ്പനി ബാധിച്ച സ്ഥലങ്ങളിലും കേന്ദ്ര സംഘം സന്ദര്‍ശനം നടത്തി. അവിടെയെല്ലം പക്ഷിപ്പനി നിയന്ത്രണവിധേയമാണ്. എന്‍.സി.ഡി.യുടെ റീജിയണല്‍ സെന്റര്‍ അനുവദിച്ച് തരാമെന്ന് സംഘം പറഞ്ഞിട്ടുണ്ടെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. സാമ്പിളുകള്‍ ടെസ്റ്റിനായി സാധാരണ ഭോപ്പാലിലേക്കാണ് അയക്കുന്നത്. എന്നാല്‍ ഇത്തരം പരിശോധനകള്‍ ചെയ്യാന്‍ കഴിയുന്ന ലാബ് കേരളത്തില്‍ സജ്ജമാക്കാന്‍ കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

 

ഏഴാം തീയതി രാത്രിയാണ് കേന്ദ്രസംഘം കേരളത്തിലെത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കത്തിന് പിന്നാലെയായിരുന്നു സന്ദര്‍ശനം. മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് ഇന്‍ഡസ്ട്രീസ് ജോ. സെക്രട്ടറിയും കൊവിഡ്-19 നോഡല്‍ ഓഫീസറുമായ മിന്‍ഹാജ് അലാം, നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഡോ. എസ്.കെ. സിംഗ് എന്നിവരാണ് കേന്ദ്ര സംഘത്തിലുണ്ടായിരുന്നത്.

കേരളത്തിലേക്ക് കേന്ദ്രത്തിന്റെ പ്രത്യേക മെഡിക്കല്‍ ടീമിനെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുരേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചത്. രാജ്യത്തെ കൊവിഡ് ആക്ടീവ് കേസുകളില്‍ 26 ശതമാനവും കേരളത്തിലാണെന്നും രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തോളവും കേരളത്തിലിത് 10 ശതമാനവുമാണെന്നും സുരേന്ദ്രന്‍ കത്തില്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ മരണ നിരക്കും ആക്ടിവ് കേസുകളും കൂടുതലാണെന്നും ഈ സാഹചര്യങ്ങള്‍ മനസിലാക്കി കേന്ദ്ര മെഡിക്കല്‍ സംഘത്തെ കേരളത്തിലേക്ക് അയക്കണമെന്നാണ് സുരേന്ദ്രന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക