കെ. സുരേന്ദ്രനെതിരെ ബി. ഗോപാലകൃഷ്ണന്; നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ പത്രിക തള്ളിയത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയെന്ന് ഗോപാലകൃഷ്ണന് (വീഡിയോ കാണാം)
തൃശൂര്‍: ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്. നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ. സി. നിവേദിതയുടെ പത്രിക തള്ളാന്‍ കാരണം ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ പേരില്‍ പ്രാദേശിക നേതൃത്വത്തിനെതിരെ നടപടിയെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗുരുവായൂരില്‍ വാര്‍ത്ത സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗോപാലകൃഷ്ണന്. മറ്റു ചില സ്ഥലങ്ങളിലും സമാന വീഴ്ചയുണ്ടായെങ്കിലും അവിടെ പ്രശ്നം പരിഹരിച്ചു. എന്നാല്‍, ഗുരുവായൂരില്‍ പത്രിക സമര്‍പ്പിച്ചത് അവസാന സമയത്തായതിനാല്‍ ഒന്നും ചെയ്യാനായില്ല. പത്രികയോടൊപ്പം സമര്‍പ്പിക്കേണ്ട സംസ്ഥാന പ്രസിഡന്റിന്റെ കത്തില്‍ ഒപ്പില്ലാത്തതിനാലാണ് നിവേദിതയുടെ പത്രിക തള്ളിയത്.
അതേസമയം ഒപ്പം നില്‍ക്കുന്നവര്‍ക്ക് ഉയര്‍ന്ന പദവികള്‍ നല്കി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പുതിയ ഭാരവാഹിപ്പട്ടിക പ്രഖ്യാപിച്ചു. പാലക്കാട് ജില്ലാ അധ്യക്ഷന്‍ ഇ. കൃഷ്ണദാസിനെ സംസ്ഥാന ഖജാന്ജിയാക്കിയപ്പോള് കാസര്‍കോഡ് ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്തിന് സംസ്ഥാന സെക്രട്ടറി പദം നല്കി. നടന് ജി. കൃഷ്ണകുമാറിനെയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി. രാമന്‍നായരെയും ദേശീയ കൗണ്‍സില്‍ അംഗങ്ങളാക്കി.
സി.കെ. ജാനുവിന്റെ സ്ഥാനാര്‍ഥിത്വത്തെചൊല്ലി വിവാദമുണ്ടായ വയനാട് ജില്ലാ പ്രസിഡന്റ് സജി ശങ്കറിന് സ്ഥാനം പോയി. പകരം കെ.പി. മധു വന്നു. കോട്ടയത്തെ നോബിള്‍ മാത്യുവിനും സ്ഥാന ചലനം. ഇവിടെ ജി. ലിജിന്‍ലാലാണ് ജില്ലാ പ്രസിഡന്റ്. പത്തനംതിട്ടയില്‍ അശോകന് കുളനടയെ മാറ്റി പകരം വി.എ. സൂരജിനെ ജില്ലാ അധ്യക്ഷനാക്കി. പാലക്കാട് കെ.എം ഹരിദാസും കാസര്‍കോട് രവീശ തന്ത്രിയുമാണ് ജില്ലാ അധ്യക്ഷന്മാര്.