കെ-റെയിൽ: അതിവേഗ പാത എന്ത് വിലകൊടുത്തും പ്രതിരോധിക്കുമെന്ന് കെ.കെ.രമ എം.എൽ.എ (വീഡിയോ കാണാം)
കൊയിലാണ്ടി: മൂടാടി പഞ്ചായത്ത് കെ-റെയിൽ വിരുദ്ധ ജനകീയ ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വില്ലേജ് ഓഫീസ് മാർച്ചിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറു കണക്കിന് ആളുകൾ പങ്കെടുത്തു.
കെ റെയിൽ വിരുദ്ധ സമരം കെ.കെ.രമ എംഎൽഎ ഉദ്ഘാടനം ചെയ്തു. കേരളം പോലുള്ള പരിസ്ഥിതി ലോലമായ ഏറെ ജനസാന്ദ്രതയുള്ള സംസ്ഥാനത്തു പതിനായിരങ്ങളെ കുടിയിറക്കിക്കൊണ്ട് എന്ത് വികസനമാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കണമെന്ന് കെ. കെ.രമ എംഎൽഎ ആവശ്യപ്പെട്ടു.
സാധാരണക്കാർക്ക് ഒട്ടും പ്രയോജനമില്ലാത്തതും കേരളത്തിന്റെ പരിസ്ഥിതി തകർക്കുന്നതുമായ ഈ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകണം. അല്ലാത്ത പക്ഷം ഈ പദ്ധതി ഉപേക്ഷിക്കും വരെയുള്ള ജനകീയ സമരത്തിന് എല്ലാവിധ പിന്തുണയും നൽകി മുന്നിൽ നിന്ന് സമരത്തെ നയിക്കുമെന്ന് എം എല്‍ എ വ്യക്തമാക്കി.
കേരളത്തിലെ ജനങ്ങളെ ഭാരിച്ച കടക്കെണിയിലേക്ക് തള്ളി വിടുന്ന സിൽവർ ലൈൻ പദ്ധതി വികസനമല്ല മറിച്ച് സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യതയും പാരിസ്ഥിതിക ആഘാതവുമാണ് ഉണ്ടാക്കുന്നതെന്നും കെ കെ രമ എല്‍ എല്‍ എ സൂചിപ്പിച്ചു.
നാരങ്ങോളികുളത്ത് നിന്ന് പുറപ്പെട്ട മാർച്ച് വാർഡ് മെമ്പർ പി.പി.കരീം ഫ്ലാഗ് ചെയ്തു. ഖലീൽ കുനിത്തല, മുഹമ്മദലി മുതുകുനി, പവിത്രൻ കെ.കെ, റസ്സൽ നന്തി, അബൂബക്കർ കെ, ഫൈസൽ കോവുമ്മൽ, കുഞ്ഞബ്ദുള്ള അബുമിന, അശോകൻ കൊയിലിൽ, ജാഫർ പി.കെ, നസീർ കുതിരോടി, ശുഹൈൽ എ.വി, ഇസ്മായിൽ ഇ.സി, ഇസ്മയിൽ എം.കെ,ഷെൽബി, താഹിറ എം.ടി, മൂന ഖമർ, ഹസീന കൊയിലിൽ, റൂബൈന അയടത്തിൽ, ടി.കെ.ഫാത്തിമ, ഇ.സി.ഷാഹിയ, കെ.ഫാത്തിമ എന്നിവരുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ ടി.കെ. നാസർ അധ്യക്ഷനായി. പപ്പൻ മൂടാടി, നൗഫൽ നന്തി, അപ്പ , സഹീർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് മെമ്പർ സുഹറ ഖാദർ, വാർഡ് മെമ്പർ എ.വി.ഉസ്ന എന്നിവർ സംബന്ധിച്ചു. മുഹമ്മദലി മുതുകുനി സ്വാഗതവും അനസ് അയടത്തിൽ നന്ദിയും പറഞ്ഞു.