കെ-റെയില്‍ സര്‍വ്വേയ്ക്ക് എത്തിയവരെ വീട്ടമ്മ നായയെ അഴിച്ച് വിട്ട് കടിപ്പിച്ചു; രണ്ട് പേര്‍ക്ക് പരുക്ക്



കണ്ണൂര്‍: കെ-റെയില്‍ സര്‍വ്വേയ്ക്ക് എത്തിയവരെ വീട്ടമ്മ നായയെ അഴിച്ച് വിട്ട് കടിപ്പിച്ചതായി പരാതി. വളര്‍ത്തുനായയുടെ കടിയേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കണ്ണൂര്‍ വലിയന്നൂര്‍ സ്വദേശി ആദര്‍ശ്, ഇരിട്ടി സ്വദേശി ജുവല്‍ പി. ജെയിംസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ വളപട്ടണം പൊലിസില്‍ പരാതി നല്‍കുമെന്ന് സര്‍വ്വേ ഏജന്‍സി അധികൃതര്‍ അറിയിച്ചു. കെ-റെയില്‍ അധികൃതര്‍ക്ക് ഏജന്‍സി പരാതി നല്‍കിയിട്ടുണ്ട്. ബോധപൂര്‍വ്വം നായയെ അഴിച്ചുവിട്ട് കടിപ്പിക്കുകയായിരുന്നുവെന്ന് സര്‍വേ ഏജന്‍സി ആരോപിക്കുന്നു.

ഇന്നലെ രാവിലെ വളപട്ടണം ചിറക്കലിലാണ് സംഭവം. കെ-റെയില്‍ സര്‍വ്വേക്കായി നാല് ബാച്ച് ഉദ്യോഗസ്ഥരാണ് എത്തിയത്. ഇതില്‍ ആദര്‍ശും ജുവലും അടക്കം മൂന്ന് പേര്‍ ഒരു വീട്ടുപറമ്പില്‍ സ്ഥല നിര്‍ണയം നടത്തുമ്പോഴാണ് നായയുടെ കടിയേറ്റത്.

ഗേറ്റ് കടന്ന് അകത്ത് എത്തിയ ഉടന്‍ വീട്ടിലെ ഗൃഹനാഥനും മകനുമായി സംസാരിച്ചു നില്‍ക്കുമ്പോഴാണ് വീട്ടമ്മ നായയെ അഴിച്ചുവിട്ടത്. കുറച്ചുകൊണ്ട് ഓടിയെത്തി നായ ഇരുവരെയും കടിക്കുകയും ചെയ്തു. കാലിനാണ് കടിയേറ്റത്. മതില്‍ ചാടികടന്ന് ഓടിയതുകൊണ്ടാണ് ഇരുവരും രക്ഷപെട്ടത്. സര്‍വേ സംഘത്തിലെ മറ്റുള്ളവരും നാട്ടുകാരും ചേര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.