കെ-റെയില്‍: ജില്ലയില്‍ സ്ഥലമെടുപ്പിനുള്ള സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് അടുത്തമാസം; കോഴിക്കോട് ഏറ്റെടുക്കുന്നത് 42.03 ഹെക്ടര്‍ ഭൂമി, മൂവായിരത്തോളം വീടുകള്‍ പൊളിച്ചുമാറ്റും
കോഴിക്കോട്: കാസര്‍കോട്- തിരുവനന്തപുരം അതിവേഗ റെയില്‍ പദ്ധതിയ്ക്കായി കോഴിക്കോട് ജില്ലയില്‍ ഏറ്റെടുക്കേണ്ടത് 42.03 ഭൂമി ഹെക്ടര്‍ ഭൂമി. 1221 ഹെക്ടര്‍ ഭൂമിയാണ് സംസ്ഥാനത്ത് ആകെ ഏറ്റെടുക്കേണ്ടത്. കോഴിക്കോട് ജില്ലയില്‍ മൂവായിരത്തോളം വീടുകള്‍ പൊളിച്ചുമാറ്റേണ്ടിവരും. ഭൂമിയേറ്റെടുക്കലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 12കോടി രൂപ അനുവദിച്ചിരുന്നു. പദ്ധതിക്ക് കേന്ദ്രസര്‍ക്കാറിന്റെ അന്തിമ അനുമതി ലഭിച്ചശേഷം നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഭൂമിയേറ്റെടുക്കുന്നതിനായുള്ള സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് അടുത്തമാസം കോഴിക്കോട് പ്രവര്‍ത്തനമാരംഭിക്കും. സിവില്‍ സ്‌റ്റേഷനില്‍ സ്ഥലം ഒഴിവില്ലാത്തതിനാല്‍ വാടകക്കെട്ടിടത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. ഇതിനായി മലാപ്പറമ്പ് വാട്ടര്‍ അതോറിറ്റി ഓഫീസ് കവാടത്തിന് അടുത്തുള്ള വാടകക്കെട്ടിടത്തില്‍ സൗകര്യമൊരുക്കും. വാടകകരാര്‍ നടപടികള്‍ പൂര്‍ത്തിയായി. ഫര്‍ണിച്ചല്‍ സൗകര്യങ്ങളാണ് ഇനി ഒരുക്കേണ്ടത്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
സംസ്ഥാനമെമ്പാടുമുള്ള ഭൂമിയേറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അനില്‍ ജോസിനെ എറണാകുളത്ത് ഡപ്യൂട്ടി കലക്ടറുടെ ചുമതല നല്‍കി നിയമിച്ചിട്ടുണ്ട്. അദ്ദേഹത്തിനു കീഴില്‍ 11 തഹസില്‍ദാര്‍മാരുണ്ടാകും. ഏരിയല്‍ സര്‍വെയില്‍ രേഖപ്പെടുത്തിയ ഭൂമിയില്‍ കല്ലിട്ട് അതിര് തിരിക്കുന്നത് അടക്കമുള്ള പ്രവൃത്തികളുടെ ചുമതല ഡപ്യൂട്ടി കലക്ടറും തഹസില്‍ദാറുമടങ്ങുന്ന സംഘത്തിനാണ്.
നേരത്തെ നടത്തിയ ആകാശ സര്‍വേ അനുസരിച്ച് നേരിട്ട് സ്ഥലത്തെത്തി ഭൂമി അളന്ന് തിട്ടപ്പെടുത്തിയാണ് സര്‍വ്വേ കല്ലുകള്‍ സ്ഥാപിക്കുക. ജനങ്ങളില്‍ നിന്നും പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ശക്തമായ പൊലീസ് കാവലിലായിരിക്കും ഭൂമിയേറ്റെടുക്കല്‍ നടപടി.