കെ-റെയില്‍ കല്ലിടല്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു; സര്‍വ്വേ തുടരാന്‍ അനുമതി


കൊച്ചി: നിര്‍ദ്ദിഷ്ട കെ-റെയില്‍ സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റെയില്‍പാതയ്ക്കായി സ്ഥലമേറ്റെടുക്കുന്നതിന് മുന്നോടിയായി അതിരടയാള കല്ലിടല്‍ സ്‌റ്റേ ചെയ്ത് ഹൈക്കോടതി. പദ്ധതി കടന്ന് പോകുന്ന സ്ഥലത്തിന്റെ ഉടമകളാണ് ഹര്‍ജിക്കാര്‍.

സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് സ്റ്റേ നല്‍കാന്‍ ഹൈക്കോടതി തയാറായില്ല. സര്‍വേ ആന്‍ഡ് ബൗണ്ടറിസ് ആക്ട് പ്രകാരം സര്‍വേ നടത്താം. ഈ നിയമത്തില്‍ പറയുന്ന 60 സെന്റമീറ്റര്‍ നീളമുള്ള കല്ലുകള്‍ മാത്രമേ സ്ഥാപിക്കാനാകൂവെന്നും കോടതി അറിയിച്ചു.

കോട്ടയം സ്വദേശികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പദ്ധതിക്ക് ഇതുവരെ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം കിട്ടിയിട്ടില്ലെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാലും സര്‍വേ തടയാനില്ലെന്നും അവര്‍ പറഞ്ഞു.

കെ-റെയില്‍ പദ്ധതിക്കായുളള കല്ലിടലിനെതിരെ പ്രതിഷേധം സംസ്ഥാനത്ത് പലയിടത്തും ശക്തമായിരുന്നു. കോഴിക്കോട് ചെറുവണ്ണൂരില്‍ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കല്ലിടാനാകാതെ കെറെയില്‍ സംഘം മടങ്ങി. സാമൂഹ്യാഘാത പഠനത്തിന് മുന്നോടിയായാണ് കല്ലിടലെന്നും ഭൂമിയേറ്റെടുക്കല്‍ കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നുമാണ് കെ-റെയില്‍ അധികൃതര്‍ വിശദീകരിച്ചത്.

അതേസമയം കെ-റെയില്‍ പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കുന്നത് സങ്കുചിത രാഷ്ട്രീയം മാത്രം നോക്കിയാണെന്നും ആ രാഷ്ട്രീയ എതിര്‍പ്പിന്റെ മുന്നില്‍ കീഴടങ്ങില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുന്നവരെ ഒരിക്കലും കണ്ണീര്‍കുടിപ്പിക്കില്ല. അവരെ വിശ്വാസത്തിലെടുത്തിട്ടെ പദ്ധതി നടപ്പാക്കൂ. അവരുടെ കൂടെ സര്‍ക്കാരുണ്ടാകുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.