കെ.എസ്.ടി.എ ജില്ലാ അധ്യാപക കലോത്സവത്തിനായി ഒരുങ്ങി കൊയിലാണ്ടി


കൊയിലാണ്ടി: കെ.എസ്.ടി.എ അധ്യാപക കലോത്സവത്തിനായി കൊയിലാണ്ടി ഒരുങ്ങി. ഡിസംബർ മുപ്പതും മുപ്പത്തൊന്നും തിയ്യതികളിലായി നടക്കുന്ന കലോത്സവത്തിന് വേദിയാവുക ഗവൺമെന്റ് മാപ്പിള ഹയർ സെക്കൻഡറി സ്കൂളായിരിക്കും.

സ്വതന്ത്ര ചിന്തയ്ക്കും ആവിഷ്കാരത്തിനും വിലക്കേർപ്പെടുത്തുന്ന വർത്തമാനകാല ദേശീയ സാഹചര്യത്തിൽ സർഗ്ഗാത്മക അധ്യാപനം പ്രതിരോധ മാർഗ്ഗമായി കണ്ടുകൊണ്ടാണ് അധ്യാപക കലോത്സവം അരങ്ങേറുന്നത്. കലോത്സവം പ്രശസ്ത സാഹിത്യകാരൻ കെ.പി രാമനുണ്ണി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻടി കെ ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.

ഡിസംബർ 30ന് രാവിലെ കഥാരചന, കവിതാ രചന, ചിത്രരചന, കാർട്ടൂൺ തുടങ്ങിയ രചനാമത്സരങ്ങൾ നടത്തപ്പെടും. വൈകുന്നേരം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പാട്ട് വരപന്തം എന്ന അനുബന്ധ പരിപാടി കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വി.പി രാജീവൻ ഉദ്ഘാടനം ചെയ്യും. അരങ്ങ് കൊയിലാണ്ടി അവതരിപ്പിക്കുന്ന നാടൻ പാട്ട്, പ്രശസ്ത കവികളുടെ കവിതാലാപനം, പ്രശസ്ത ചിത്രകലാ അധ്യാപകർ പങ്കെടുക്കുന്ന,ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഹിഡൻ അജണ്ടകൾ ആവിഷ്കരിക്കുന്ന, ചിത്രരചന തുടങ്ങിയ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

ഡിസംബർ 31ന് ഉദ്ഘാടനസമ്മേളനത്തെ തുടർന്ന് ഒപ്പന, മാർഗംകളി, തിരുവാതിരക്കളി, നാടൻപാട്ട്, മോണോആക്ട് തുടങ്ങിയ വൈവിധ്യപൂർണമായ മത്സര പരിപാടികൾ നടത്തപ്പെടും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നാനൂറോളം അധ്യാപക കലാകാരന്മാർ പങ്കെടുക്കും. സമാപന സമ്മേളനം നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തിൽ ജില്ലാസെക്രട്ടറി ആർ എം രാജൻ, സ്വാഗത സംഘം വൈസ് ചെയർമാൻ പി.കെ ഭരതൻ, ജനറൽ കൺവീനർ പി.കെ ജിതേഷ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഡി.കെ ബിജു, സി ഉണ്ണികൃഷ്ണൻ, ഗണേഷ് കക്കഞ്ചേരി എന്നിവർ പങ്കെടുത്തു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.