കെ എസ് ഇ ബി സേവനങ്ങള്‍ ഇനിമുതല്‍ വാതില്‍പടിയില്‍
കൊയിലാണ്ടി: കെ എസ് ഇ ബി സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന സര്‍വീസ് അറ്റ് ഡോര്‍സ്റ്റെപ് (വാതില്‍പ്പടി സേവനം) ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ കെ എസ് ഇ ബിയുടെ പ്രധാന സേവനങ്ങള്‍ ബന്ധപ്പെട്ട ഓഫീസിലെത്താതെ 1912 എന്ന കസ്റ്റമര്‍ കെയര്‍ സെന്ററിന്റെ ടോള്‍ഫ്രീ നമ്പറിലേക്കുള്ള ഒറ്റ ഫോണ്‍ കോള്‍ വഴി സേവനം ഉറപ്പാക്കാനാകും.
വെകീട്ട് ആറുമണിക്ക് തിരുവന്തപുരത്ത് സര്‍വീസ് അറ്റ് ഡോര്‍സ്റ്റെപിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. എല്ലാ നിയോജക മണ്ഡലങ്ങളിലെയും പദ്ധതി ഉദ്ഘാടനം അതത് എംഎല്‍എമാര്‍ നിര്‍വ്വഹിക്കും. കൊയിലാണ്ടി നിയോജക മണ്ഡലം തലത്തിലുള്ള ഉദ്ഘാടനം എംഎല്‍എ കെ ദാസന്‍ നിര്‍വ്വഹിക്കും.
ഓഫിസ് കയറിയിറങ്ങാതെ ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകുന്ന സംവിധാനം ജൂണിനകം സംസ്ഥാനമെങ്ങും നടപ്പാക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യ ഘട്ടത്തില്‍ 100 ഓഫിസുകളിലാണ് ഈ സംവിധാനം നടപ്പാക്കുക. ആദ്യഘട്ടത്തില്‍ ലോ ടെന്‍ഷന്‍ ഉപയോക്താക്കള്‍ക്കും പുതുതായി എല്‍.ടി കണക്ഷന് അപേക്ഷിക്കുന്നവര്‍ക്കും ഈ സേവനം ലഭ്യമാക്കും. പാലക്കാടും, തൃശ്ശൂരും, പെരുമ്പാവൂരും, ആലപ്പുഴയും, ഹരിപ്പാടും സര്‍ക്കിളുകളില്‍ പരീക്ഷിച്ച് വിജയിച്ച കരുത്തുമായാണ് കെ എസ് ഇ ബി സേവനങ്ങള്‍ വാതില്‍പടിക്കല്‍ എത്തിക്കുന്ന പദ്ധതതിയുമായി എത്തുന്നത്.
ചെയ്യേണ്ടത് ഇത്രമാത്രം, 1912 എന്ന നമ്പറില്‍ വിളിച്ച് ഫോണ്‍നമ്പറും ആവശ്യവും രജിസ്റ്റര്‍ചെയ്യുക. വൈദ്യുതിബോര്‍ഡ് ജീവനക്കാര്‍ അപേക്ഷാഫോറം ഉള്‍പ്പെടെയുള്ള രേഖകളുമായി വീട്ടിലെത്തും. കണക്ഷന്‍ മാത്രമല്ല, ബോര്‍ഡിന്റെ പല സേവനവും ഇനി വീട്ടുപടിക്കലെത്തും. അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥരാണ് അപേക്ഷകരെ ഫോണില്‍ ബന്ധപ്പെട്ടു വിവരങ്ങള്‍ ശേഖരിക്കുന്നത്. ആവശ്യമുള്ള രേഖകളെക്കുറിച്ച് അറിയിച്ചശേഷം സ്ഥലപരിശോധനാ തീയതി തീരുമാനിക്കും. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി അപേക്ഷാ ഫോം പൂരിപ്പിച്ചുവാങ്ങും. വിവരങ്ങള്‍ കംപ്യൂട്ടറില്‍ ഉള്‍പ്പെടുത്തി അടയ്‌ക്കേണ്ട തുക അടക്കമുള്ള വിവരങ്ങള്‍ അറിയിക്കും. ഓണ്‍ലൈനായി തുക അടയ്ക്കുമ്പോള്‍ സേവനം ലഭ്യമാകും. സേവനം ഉറപ്പാക്കുന്നതുവരെ ഉദ്യോഗസ്ഥമേല്‍നോട്ടം ഉണ്ടാകും.
ലഭിക്കുന്ന സേവനങ്ങള്‍
- പുതിയ വൈദ്യുതി കണക്ഷന്‍
- ഉടമസ്ഥാവകാശം മാറ്റല്‍
- കണക്ടഡ് ലോഡ് / കോണ്‍ട്രാക്ട് ലോഡ് മാറ്റം
- താരിഫ് മാറ്റല്‍
- വൈദ്യുതി ലൈന്‍-മീറ്റര്‍ മാറ്റി സ്ഥാപിക്കല്‍
സര്‍വീസ് അറ്റ് ഡോര്‍സ്റ്റെപിന്റെ കൊയിലാണ്ടി നിയോജക മണ്ഡലം തലത്തിലുള്ള ഉദ്ഘാടനം എംഎല്‍എ കെ ദാസന്‍ നിര്‍വ്വഹിക്കും. വൈകീട്ട് ആറുമണിക്ക് കൊയിലാണ്ടി ഇ എം എസ് ടൗണ്‍ ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൊയിലണ്ടി സബ് ഡിവിഷന്‍ പരിധിയില്‍ വരുന്ന കൊയിലാണ്ടി നേര്‍ത്ത്, തിക്കോടി, അരിക്കുളം എന്നീ സെക്ഷന്‍ പരിധിയിലാണ് വാതില്‍ പടി സേവനം ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക